Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഖാക്കളുടെ താരാട്ട് പാട്ട് കേട്ടല്ല  വളര്‍ന്നത്,  വിമര്‍ശകരോട് ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്- സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്‌ലിം  ലീഗുകാര്‍ വളര്‍ന്നത് എന്നോര്‍ക്കുന്നത് നന്നാവുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികളോട് ഫാത്തിമ പറഞ്ഞത്. താന്‍ പറഞ്ഞ അതേ വാദം തന്നെയാണ് ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫാത്തിമ തെഹ്‌ലിയയുടെ പ്രതികരണം.
'സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാന്‍ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.' ഫാത്തിമ തെഹ്‌ലിയ ചൂണ്ടിക്കാട്ടി.
തന്റെ അതേ വാദമാണ് ആനി രാജ സംസാരിച്ചതെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. 'സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തില്‍ സഖാക്കള്‍ കെട്ടിപൊക്കിയ മാധ്യമ സൈബര്‍പട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാന്‍ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞതെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു.
18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഫാത്തിമ ഇന്നലെ പറഞ്ഞത്. 'പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരാവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.' എന്നും ഫാത്തിമ അഭിപ്രായപ്പെട്ടിരുന്നു.
 

Latest News