കോട്ടയം- കേരളത്തെ ഞെട്ടിച്ച മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി കേസിൽ വിജിലൻസ് റെയ്ഡ് തുടരുന്നു. സീനിയർ എൻജിനീയറായ ജോസ് മോന്റെ വീട്ടിലെ വിജിലൻസ് പരിശോധനയിലും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വിദേശ കറൻസികളും കണ്ടെത്തി. ഇടുക്കി ജില്ലയിൽ റിസോർട്ട് അടക്കം കോടികളുടെ സമ്പാദ്യം സീനിയർ എൻജീനർ ജോസ് മോനുള്ളതായി പരിശോധനയിൽ തെളിഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ.എം ഹാരിസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയും മറ്റു സ്വത്ത് വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇതേ കേസിൽ രണ്ടാം പ്രതിയായ കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഉദ്യോഗസ്ഥൻ ജോസ്‌മോന്റെ കൊല്ലം എഴുകോണിലുള്ള വീട്ടിലും വിജിലൻസ് പരിശോധന നടത്തിയത്. ഒന്നര ലക്ഷം രൂപയും ഒരു ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികളും കണ്ടെടുത്തു.
40 പവൻ സ്വർണം വീട്ടിലും 72 പവൻ ബാങ്ക് ലോക്കറിലും സൂക്ഷിച്ചിരുന്നു. കൊട്ടാരക്കര ഏഴു കോണിലെ 3500 സ്‌ക്വയർ ഫീറ്റ് വീടിന് പുറമെ അവിടെ തന്നെരണ്ടു വാണിജ്യ കെട്ടിടങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. വാഗമണ്ണിൽ കോടികൾ വിലമതിക്കുന്ന റിസോർട്ടും ജോസ്‌മോന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18 ലക്ഷം രൂപയുടെ ആഡംബര കാറും അഞ്ചു ലക്ഷം രൂപയുടെ ഇരുചക്ര വാഹനവുമാണ് ഉപയോഗിക്കുന്നത്. വിവിധ ബാങ്കുകളിലായി രണ്ടു കോടി രൂപയുടെ സ്ഥിരനിക്ഷേപവും കൂടാതെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 40 ലക്ഷം രൂപയുടെ കടപ്പത്രവുംഇയാൾ വാങ്ങിയിട്ടുണ്ട്.
റെയ്ഡ് നടക്കുമ്പോൾ ജോസ് മോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സീനിയർ എൻവയോൺമെന്റ് എൻജിനീയറായ ജോസ്‌മോൻ കോട്ടയത്ത് ജോലി ചെയ്യവേ പാലാ സ്വദേശിയുടെ റബർ റീട്രേഡിങ് കമ്പനിക്ക് ശബ്ദമലിനീകരണ സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേ കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥൻ എ.എം. ഹാരിസ് വിജിലൻസ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.