ഷിഗ്‌മോ 2018 എന്ന പേരിലുള്ള വിനോദ സഞ്ചാര ഉത്സവത്തിനൊരുങ്ങുകയാണ് ഗോവ. അടുത്ത മാസം മൂന്ന് മുതൽ 17 വരെ തീയതികളിലായി ടൂറിസം ഫെസ്റ്റിവൽ അരങ്ങേറും. ഗോവയിലെ സ്പ്രിംഗ് ഫെസ്റ്റിവൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തെ സംസ്ഥാനമായ ഗോവയുടെ പ്രധാന വരുമാന മാർഗമാണ് വിനോദ സഞ്ചാര വ്യവസായം. അന്താരാഷ്ട്ര തലത്തിൽ ഗോവയെ മാർക്കറ്റ് ചെയ്യുന്നത് കണ്ടു വേണം പഠിക്കാൻ. ഇരുപത് കോടി രൂപയാണ് ഇന്ത്യയിൽ പരസ്യ പ്രചാരണത്തിനായി ഗോവ ടൂറിസം ചെലവിടുന്നത്. വിദേശ രാജ്യങ്ങളിൽ വേറെയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെല്ലാം ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷന്റെ സൈറ്റിൽ അന്വേഷണങ്ങൾ പ്രവഹിക്കുന്നു. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിട്ടുള്ളത്. ഗോവ വിമാനത്താവളത്തിൽ വന്നിറങ്ങിയ സഞ്ചാരിയെ പിക്ക് അപ്പ് ചെയ്യുന്നത് മുതൽ തിരിച്ചുപോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കാവുന്നതാണ് പോർട്ടൽ. ആറ് വിദേശ ഭാഷകളിൽ കൂടി ബന്ധപ്പെടാവുന്നതാണ് ഗോവയുടെ വെബ്‌സൈറ്റ് കം ഇ-കൊമേഴ്‌സ് പോർട്ടൽ. അറബിക്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവയാണ് സൈറ്റിലുൾപ്പെടുത്തിയ വിദേശ ഭാഷകൾ. ഏത് അന്വേഷണത്തിനും 12 മണിക്കൂറിനിടയിൽ വ്യക്തമായ മറുപടി നൽകാൻ ഗോവൻ ടൂറിസം അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗോവ ടൂറിസത്തിൽ താൽപര്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാവൽ ഏജന്റുമാരുടെ ഡാറ്റാ ബേസ് തയാറാക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഏറ്റവുമധികം ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന പ്രദേശമാണ് ഗോവ.
ഗോവയുടെ പ്രത്യേകതകളായ സംഗീതവും പാചകവും കലയും ഫുട്‌ബോളും സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം സന്ദർശകരെ ആകർഷിക്കുന്നു. ഗോവയിലെ പനാജി, മഡ്ഗാവ്, വാസ്‌കോ എന്നീ പ്രദേശങ്ങൾ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് മറക്കാനാവാത്ത അനുഭൂതിയാണ് ഈ സ്ഥലങ്ങൾ സമ്മാനിക്കുന്നത്. പട്ടണങ്ങളാണെങ്കിലും ഒരു ഗ്രാമത്തിന്റെ കോലാഹലം പോലും ഇവിടെയില്ല. സംസ്ഥാന തലസ്ഥാനത്ത് പോലും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണമോ, ഗതാഗത കുരുക്കുകളോ കാണാനേയില്ല. ശാന്തസുന്ദരമായ ഗോവൻ ഭൂപ്രകൃതി നമ്മെ വീണ്ടും വീണ്ടും അങ്ങോട്ടു ചെല്ലാൻ പ്രേരിപ്പിക്കുന്നു. വിദേശികൾ ധാരാളമായെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും ഇടത്തരക്കാർക്കു പോലും താങ്ങാവുന്ന ബജറ്റിൽ ഗോവ സന്ദർശിക്കാവുന്നതേയുള്ളൂ.
ടൂറിസം ഒരു പ്രധാന വ്യവസായമാണെന്ന തിരിച്ചറിവാണ് ഈ കൊച്ചു സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ആധാരം. യൂറോപ്യൻ നഗരങ്ങളിലെ ട്രാവൽ ഏജൻസികൾ ടൂറിസ്റ്റുകളോട് നിർദേശിക്കുന്ന പ്രമുഖ തീരദേശ വിനോദ കേന്ദ്രമാണ് ഗോവ. ടൂറിസ്റ്റ് സീസണിൽ ഏറ്റവുമേറെ ചാർട്ടേഡ് വിമാനങ്ങൾ എത്തിച്ചേരുന്നത് ഗോവയിലാണ്. വിമാനത്തിൽനിന്ന് താഴേക്ക് നോക്കിയാൽ ഗോവ പച്ചപ്പരവതാനി വിരിച്ച ഒരു ഭൂപ്രദേശമാണ്. തെക്കേ ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനത്തിന് ഇന്ത്യയിലെ ഒരു ശരാശരി ജില്ലയുടെ വലിപ്പമേയുള്ളൂ. ഗോവയിലെ തുറമുഖമായ വാസ്‌കോ ഡ ഗാമക്കടുത്താണ് ചെറിയ റൺവേയോടു കൂടിയ വിമാനത്താവളം. വിമാനത്താവളത്തിന്റെ ചുറ്റുവട്ടത്ത് തടാകം പോലെ മനോഹരമായ ബീച്ചുകൾ നിരവധിയുണ്ട്. നൂറ്റാണ്ടുകളായി വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായിരുന്നു ഗോവയിലെ കടപ്പുറങ്ങൾ. 451 വർഷം പോർച്ചുഗീസുകാരുടെ ഭരണത്തിലായിരുന്നു ഗോവ. ഏഷ്യയിൽ ഏറ്റവുമേറെ കാലം കോളനി വാഴ്ചയുണ്ടായിരുന്ന പ്രദേശവും ഇതു തന്നെ. സ്പാനിഷ്, ഡച്ച് ശക്തികൾ ഭരിച്ച ഗോവയിൽ അൽപകാലം ബ്രിട്ടീഷ് സ്വാധീനവുമുണ്ടായിരുന്നു.
തലസ്ഥാനമായ പനാജി ആധുനിക നഗരമായി വളരുമ്പോഴും ഗോവയുടെ മഹത്തായ പാരമ്പര്യത്തിന്റെ സ്മരണകളുമായി തലയുയർത്തി നിൽക്കുകയാണ് തൊട്ടടുത്ത ഓൾഡ് ഗോവ. ഇവിടത്തെ ചർച്ചുകൾക്കും ആർട്ട് ഗാലറികൾക്കും മ്യൂസിയങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ട്. ഇന്ത്യൻ സംഗീത മികവിന്റെ പ്രതീകങ്ങളായ ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലേയും പിറന്നത് ഗോവയുടെ മണ്ണിലാണ്. മങ്കേഷ്‌കർ കുടുംബത്തിന്റെ ക്ഷേത്രം ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ്.
ഹീബ്രു, ഇറ്റാലിയൻ, ജർമൻ, പോർച്ചുഗീസ്, ഗ്രീക്ക് രുചിഭേദങ്ങളോടെ ഭക്ഷണം വിളമ്പുന്ന ചെറുതും വലുതുമായ ഹോട്ടലുകൾ ബീച്ചിലുണ്ട്. ചെറിയ കുടിലുകളിൽ ചെന്ന് ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്ത് കഴിക്കാം. മണ്ടോവി നദിയിൽ അലംകൃതമായ ജല വാഹനങ്ങളിൽ നഗരക്കാഴ്ചകൾ കാണുന്നതിനൊപ്പം സംഗീത പരിപാടി ആസ്വദിക്കുകയുമാവാം. ഗോവക്കാരെല്ലാം ഇംഗ്ലീഷിൽ സംസാരിക്കുന്നുവെന്നത് സന്ദർശകർക്ക് ഒരനുഗ്രഹമാണ്.
പ്രതിവർഷം 30 ലക്ഷം വിദേശ സന്ദർശകർ ഗോവയിലെത്തുന്നുവെന്നാണ് കണക്ക്. കാർണിവൽ വേളയിലാണ് ഏറ്റവുമേറെ വിദേശികൾ ഗോവ കാണാനെത്തുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ പെയ്തു തുടങ്ങുന്ന നാളുകളിലാണ് ഗോവക്ക് സൗന്ദര്യമേറുന്നതെന്ന് ഗോവ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രോഷർ വ്യക്തമാക്കുന്നു. ഒരു ഗ്രാമം പോലെ ശാന്തമാണ് ഈ പ്രദേശം.
കൊങ്കൺ തീവണ്ടിപ്പാത വന്നതോടെ മലയാളികൾക്ക് ഗോവ സന്ദർശിക്കുകയെന്നത് വളരെ എളുപ്പമായി. മഡ്ഗാവാണ് ഗോവയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ. നിത്യേന ശരാശരി പതിനായിരം യാത്രക്കാർ ഈ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. അസമയത്ത് വന്നിറങ്ങിയാലും ഗോവയിലെ സ്റ്റേഷനുകളിൽ നിന്നും വിമാനത്താവളത്തിൽ നിന്നും ധൈര്യമായി ടാക്‌സി വിളിച്ചു ലക്ഷ്യസ്ഥാനത്തെത്താം. യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കാത്തവരാണ് ഗോവയിലെ ടാക്‌സി സർവീസുകാർ.
അടുത്തിടെയുണ്ടായ ചില വിവാദങ്ങൾ മികച്ച ടൂറിസം ഡെസ്റ്റിനേഷനെന്ന ഗോവയുടെ പ്രതിഛായയെ ബാധിച്ചുവെന്ന് വേണം കരുതാൻ. ഈ മാസം 24 നുള്ളിൽ ടൂറിസ്റ്റ് ടാക്‌സി കാറുകളിൽ മീറ്റർ ഘടിപ്പിക്കണമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ സമരം ചെയ്തതായിരുന്നു ആദ്യത്തേത്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ നിയമം കർശനമായി നടപ്പാക്കാൻ ബി.ജെ.പി സർക്കാർ നടപ്പാക്കാൻ തുനിഞ്ഞതാണ് പ്രശ്‌നമായത്. എരിതീയിൽ എണ്ണ തേക്കുന്നത് പോലെയായി ഗോവ ടൂറിസം മന്ത്രി മനോഹർ അഗ്‌നോക്കറിന്റെ പ്രസ്താവന. ഗോവയുടെ മഹത്തായ സംസ്‌കാരത്തിനൊത്ത് പെരുമാറാൻ കഴിയാത്തവർ ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ബോളിവുഡ് സിനിമകളും നൽകുന്ന സൗജന്യ പരസ്യങ്ങളിലൂടെയാണ് ഗോവയിലെ ടൂറിസം പടർന്നു പന്തലിച്ചതെന്നതൊന്നും മന്ത്രിയ്ക്ക് അറിയില്ലല്ലോ. സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സിനെ ഇത്തരം നിലപാട് എത്ര ദോഷകരമായി ബാധിക്കുമെന്ന് ചിന്തിക്കാതെയാണ് ഭരണാധികാരികൾ പെരുമാറുന്നത്.