കൊണ്ടോട്ടി- തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയവർക്കും ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങൾക്കും ചെറുകിട വ്യവസായങ്ങളും പദ്ധതികളും തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം.
പ്രവാസം മതിയാക്കി നാട്ടിൽ മടങ്ങിയെത്തിയ വനിതകൾക്കടക്കം പ്രയോജനപ്പെടുന്ന പദ്ധതികളാണ് പുതുതായി തദ്ദേശ സ്ഥാപനങ്ങളുടെ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ കന്നുകാലി വളർത്തൽ, മിനി ഡയറി ഫാം എന്നിവക്കു പുറമെ തീറ്റപ്പുൽ കൃഷി, കോഴിവളർത്തൽ, പുഷ്പകൃഷി തുടങ്ങി വിവിധ പദ്ധതികൾക്കാണ് പ്രവാസികൾക്ക് സഹായം നൽകുക.
പ്രവാസി കേരളീയൻ, മുൻ പ്രവാസി കേരളീയൻ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ത്രിതല പഞ്ചായത്തുകൾ പ്രവാസികളെ വിവിധ സംരംഭങ്ങളിൽ പങ്കാളികളാക്കുക. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവരും ഉപജീവനാർഥം വിസയിൽ വിദേശ രാജ്യത്ത് കഴിയുന്നവരുമായ മലയാളിയെയാണ് പ്രവാസി കേരളീയൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഇവരുടെ നാട്ടിലുള്ള ബന്ധുക്കൾക്ക് നാട്ടിലെ സംരംഭങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിക്കും.
നിയമാനുസൃത വിസയോടുകൂടി വിദേശത്ത് രണ്ട് വർഷം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയവരാണ് മുൻപ്രവാസി കേരളീയൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുക. ഇവർക്ക് നേരിട്ട് സംരംഭങ്ങളിൽ പങ്കെടുക്കാം.
മടങ്ങിയെത്തിയ സ്ത്രീകൾക്ക് സ്വയം തൊഴിലിന് മൂന്ന് ലക്ഷം വരെ തദ്ദേശ സ്ഥാപനങ്ങൾ വഴി 85 ശതമാനം സബ്‌സിഡിയിൽ നൽകും. അഞ്ച് പേരുളള ഗ്രൂപ്പുകൾക്കാണ് തുക ലഭിക്കുക. ടാക്‌സി കാർ, പിക്കപ്പ് വാൻ എന്നിവക്കായി വനിതകൾക്ക് 75,000 രൂപയും പുരുഷന്മാർക്ക് 50,000 രൂപ വരെയും നൽകും. ഓട്ടോറിക്ഷക്ക് 70,000 രൂപയാണ് നൽകുക. സ്വയം തൊഴിലിന് 40,000 രൂപ 50 ശതമാനം സബ്‌സിഡിയിലും വനിതകൾക്ക് 50,000 രൂപ 75 ശതമാനം സബ്‌സിഡിയിലും ലഭിക്കും.
പട്ടികജാതി കുടുംബങ്ങളിലെ യുവാക്കൾക്ക് വിദേശത്ത് പോകാൻ 50,000 രൂപയാണ് ഇക്കാലമത്രയും തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകിയിരുന്നത്.