തൃശൂര്‍- കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും, കെ റെയിലിനായി ജില്ലയുടെ ചില ഭാഗങ്ങളില്‍ നാട്ടിയ അതിരു കല്ലുകള്‍ പിഴുതുമാറ്റുന്നത് ഉള്‍പ്പെടെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളിലെ 36 വില്ലേജുകളിലൂടെയാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഈ വില്ലേജുകളില്‍ വിദഗ്ധര്‍ പ്രതിരോധ സമിതി രൂപവത്കരിക്കും. തുടര്‍ന്ന് വില്ലേജ് തലത്തിലും ജില്ലതലത്തിലും വിദഗ്ധര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തി പ്രതിരോധ പരിപാടികള്‍ സ്വീകരിക്കും.
ശനിയാഴ്ച നടക്കുന്ന മാര്‍ച്ചില്‍ 15,000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 10ന് പടിഞ്ഞാറേ കോട്ടയില്‍ നിന്ന് ആരംഭിക്കും. ധര്‍ണ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാരും എം.എല്‍.എയും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.വാര്‍ത്തസമ്മേളനത്തില്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.ആര്‍. ഗിരിജന്‍, മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.