Sorry, you need to enable JavaScript to visit this website.

ആർ.ഡി.ഒ ഓഫീസിൽ ജീവനക്കാരി കുഴഞ്ഞുവീഴാന്‍ കാരണം മാനസിക പീഡനമെന്ന്

കോഴിക്കോട് - റവന്യൂ വകുപ്പിലെ ജീവനക്കാരി ജോയിന്റ് കൗൺസിൽ ഭാരവാഹികളുടെ മാനസിക പീഡനം മൂലം കലക്ടറേറ്റിൽ കുഴഞ്ഞുവീണെന്ന് ആക്ഷേപം. ആർ.ഡി.ഒ ഓഫീസിലെ ജീവനക്കാരിയെയാണ് കഴിഞ്ഞ ദിവസം ജോലിക്കിടെ കുഴഞ്ഞു വീണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. ജോയിന്റ് കൗൺസിൽ അടക്കമുള്ള ഭരണപക്ഷ സർവീസ് സംഘടനയുടെ നേതാക്കളുടെ മാനസിക പീഡനം മൂലമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചിരുന്നു.
അസോസിയേഷൻ അംഗമാണ് കുഴഞ്ഞുവീണ സ്ത്രീ. ഇവരെ നേരത്തെ അകാരണമായി നന്മണ്ട വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. എൻ.ജി.ഒ അസോസിയേഷൻ പരാതി നല്കിയതോടെ കലക്ടർ ട്രാൻസ്ഫർ ഉത്തരവ് മരവിപ്പിച്ചു. ഇതിന്റെ പ്രതികാരമായി ഭരണാനുകൂല സംഘടനകൾ ജീവനക്കാരിക്കെതിരെ ആർ.ഡി.ഒക്ക് വ്യാജ പരാതി നല്കിയിരുന്നു. തുടർന്ന് ഇവരെ മേലാധികാരി വിളിച്ചുവരുത്തി ശകാരിച്ചതിനെതുടർന്ന് ജീവനക്കാരി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് എൻ.ജി.ഒ അസോസിയേഷൻ പറയുന്നത്. സി.പി.ഐ യുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കളെ വേട്ടയാടുകയാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.
എന്നാൽ കോഴിക്കോട് ആർ.ഡി.ഒ ഓഫീസിൽ ഒരു ജീവനക്കാരി കുഴഞ്ഞുവീഴാനിടയായത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ മാനസിക പീഡനം മൂലമാണെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശൻ കെ അറിയിച്ചു. ഓഫീസ് സമയത്ത് ഇവർ ഡ്രൈവിംഗ് പഠിക്കാൻ മുങ്ങിനടന്നത് പിടികൂടിയതിന് ജോയിന്റ് കൗൺസിലിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
 

Latest News