ജിദ്ദ- ഒരാഴ്ചയിലേറെ നീണ്ടുനിന്ന റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കലാശക്കൊട്ടുയർത്തി ജിദ്ദയെ ആവേശക്കൊടുമുടിയിൽ എത്തിച്ച് ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുക്കോണും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും സംവിധായകൻ കബീർ ഖാനും. 1983-ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയതിന്റെ ചരിത്രം പറയുന്ന 83 സിനിമയുടെ ലോകത്തിലെ ആദ്യത്തെ പ്രീമിയർ ഷോയാണ് ഇന്നലെ രാത്രി ജിദ്ദയിൽ നടന്നത്. ലോക ചലച്ചിത്രത്തിലെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്ന വോക്‌സിന്റെ റെഡ് സീ ഗാലയിലെ നിറഞ്ഞ സദസിലായിരുന്നു ഇന്നലെ രാത്രി സിനിമ പ്രദർശിപ്പിച്ചത്. തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ ചിത്രത്തിലെ നായകൻ രൺവീർ സിംഗും നായികയും നിർമാതാവുമായ ദീപിക പദുക്കോണും കപിൽ ദേവും സംവിധായകൻ കബീർ ഖാനുമെത്തി. റെഡ് കാർപ്പറ്റിലൂടെ ദീപികയും രൺബീറും കബീർ ഖാനും കപിലും നടന്നെത്തുമ്പോൾ തന്നെ കാണികൾ ആവേശത്തോടെ അവരെ എതിരേറ്റു. തിയറ്ററിലേക്ക് എത്തിയ രൺവീറിനെ ഹർഷാരവങ്ങളോടെ സദസ് എതിരേറ്റു. കാണികൾക്കിടയിലൂടെ നടന്ന രൺവീർ അക്ഷരാർത്ഥത്തിൽ തിയേറ്ററിനെ ഇളക്കിമറിച്ചു. സിനിമ അവസാനിച്ച ശേഷവും രൺവീർ സിംഗ് കാണികൾക്കിടയിലേക്കെത്തി. പ്രേക്ഷകർക്ക് മനോഹരമായ ദൃശ്യവിരുന്നൊരുക്കിയാണ് 83 സംഘം വേദി വിട്ടത്.