റിയാദ്-സൗദി അറേബ്യയിലെ ജിസാനില്‍ ഹൂത്തി മിസൈല്‍ ആക്രമണത്തില്‍ വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചു.
ജിസാനിലെ അഹദ് അല്‍മസാരിഹില്‍ ഹൂത്തി മിസൈല്‍ പതിച്ച് മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് സഖ്യസേന അറിയിച്ചു.
യെമനിൽ തഇസിനു നേരെയും ഹൂത്തികള്‍ മിസൈൽ ആക്രമണം നടത്തിയിരുന്നു. പശ്ചിമ തഇസിലെ ഹോബ് അൽഹൻശിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയാണ് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ സൻആയിൽ ഹൂത്തികളുടെ സൈനിക ലക്ഷ്യങ്ങൾക്കു നേരെ സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
24 മണിക്കൂറിനിടെ യെമനിലെ മാരിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 165 ലേറെ ഹൂത്തികൾ കൊല്ലപ്പെടുകയും 19 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. മാരിബിൽ 25 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. ഇതിനിടെ 140 ലേറെ ഹൂത്തികൾ കൊല്ലപ്പെടുകയും 15 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. പശ്ചിമ തീരമേഖലയിൽ ഹൂത്തികളെ ലക്ഷ്യമിട്ട് നടത്തിയ അഞ്ചു വ്യോമാക്രമണങ്ങളിൽ 25 ലേറെ ഹൂത്തികൾ കൊല്ലപ്പെട്ടു. നാലു സൈനിക ഉപകരണങ്ങളും ആയുധപ്പുരകളും ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതായും സഖ്യസേന പറഞ്ഞു.