Sorry, you need to enable JavaScript to visit this website.

'മാപ്പിള ഹാൽ' വെർച്വൽ എക്‌സിബിഷൻ ലോഞ്ച് ചെയ്തു

മാപ്പിള ഹാലിന്റെ ലോഞ്ചിംഗ് വേദി

മലപ്പുറം - 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെർച്വൽ എക്‌സിബിഷൻ ലണ്ടനിൽ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മൻസൂർ ഖാൻ ലോഞ്ച് ചെയ്തു. അടിച്ചമർത്തലുകൾക്കെതിരെ ലോകത്താകമാനം നടക്കുന്ന പോരാട്ടങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് അവർ  അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിൽ നടന്ന സമരം നേരിനും നീതിക്കും വേണ്ടിയുള്ളതായിരുന്നു. മർദക ഭരണകൂടങ്ങൾ അടിച്ചമർത്തലുകൾ ആവർത്തിക്കുമ്പോൾ പോരാട്ടങ്ങൾ തുടരാൻ ഇത്തരം ഓർമകൾ പ്രചോദനമാണ്. നേരിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഏതൊരു മുസ്‌ലിമിന്റെയും ബാധ്യതയാണ്. യു.കെയിൽ ഇരുന്ന് കൊണ്ട് ഞാനും ഇന്ത്യയിൽ നിങ്ങളും നടത്തുന്ന പോരാട്ടങ്ങൾ ഇത്തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതിരുകൾക്കപ്പുറം ചിന്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവർ കൂട്ടിച്ചേർത്തു.

തിരൂർ വാഗൺ മാസകർ ഹാളിൽ നടന്ന ലോഞ്ചിംഗ് പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ശർജീൽ ഉസ്മാനി, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗാർ എന്നിവർ മുഖ്യാഥിതികളായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ്. മാധവൻ എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ. ജമീൽ അഹ്മദ്, സൂഫി ഗായകൻ സമീർ ബിൻസി, മാധ്യമ പ്രവർത്തകൻ സമീൽ ഇല്ലിക്കൽ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി. റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന ജനറർ സെക്രട്ടറി പി.പി. ജുമൈൽ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബദുല്ലത്തീഫ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി. ഇ.എം, സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറി നിയാസ് വേളം, എക്‌സിബിഷൻ ക്യുറേറ്റർ ഷഹീൻ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. സിദ്‌റത്തുൽ മുൻതഹ, ബാദുഷ, നഫാദ് സിനാൻ എന്നിവരുടെ ഗാന വിരുന്നും ശാന്തപുരം അൽജാമിഅ വിദ്യാർഥികളുടെ കോൽക്കളിയും നസീഫ് ഇലാഹിയ അവതരിപ്പിച്ച റാപ്പും വേദിയിൽ നടന്നു.

മലബാർ സമരത്തിന്റെ സമഗ്രമായ സർഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാൽ' എന്ന് സംഘാടകർ പറഞ്ഞു. മലബാർ പോരാട്ടത്തിന്റെ വിപ്ലവകരമായ രാപ്പകലുകളിലൂടെയുള്ള സഞ്ചാരമാണ് ഈ എക്‌സിബിഷൻ. മൊബൈൽ അപ്ലിക്കേഷനിലാണ് വെർച്വൽ എക്‌സിബിഷൻ ലഭ്യമാവുക. മലബാർ സമര ചരിത്രത്തിന്റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന വീഡിയോകൾ, പെയിന്റിംഗ്, കാലിഗ്രഫി, ഡിജിറ്റൽ ആർട്ട്, അപൂർവ ചരിത്രരേഖകൾ, കേരളീയ മുസ്‌ലിം പോരാട്ട പാരമ്പര്യത്തിന്റെ നാൾവഴികൾ, മലബാർ സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത ആഖ്യാനങ്ങൾ, ചരിത്ര രചനകൾ, സമര പോരാളികൾ, സംഭവവികാസങ്ങൾ, പോരാട്ട ഭൂമിക തുടങ്ങിയവ കൊണ്ട്   സമ്പന്നമാണ് എക്‌സിബിഷൻ. മലബാർ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങൾ ജനകീയമായിത്തന്നെ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'മാപ്പിള ഹാൽ' ഒരുക്കിയിരിക്കുന്നത്.  അധിനിവേശ ശക്തികൾക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീർഘമായ വൈജ്ഞാനിക സമര പാരമ്പര്യത്തെ ഹാലിളക്കമായും മത ഭ്രാന്തായും ചിത്രീകരിച്ച കൊളോണിയൽ സവർണ ആഖ്യാനങ്ങൾക്കുള്ള വിമർശക ബദൽ കൂടിയാണ് മാപ്പിള ഹാൽ.


 

Latest News