പാലക്കാട് -സംസ്ഥാനത്തെ സ്‌കൂളുകളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ സ്വാഗതം ചെയ്ത് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം.
അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാലിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടെ.
യൂണിഫോമിറ്റിയല്ല, ഡൈവേഴ്‌സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാര്‍ഘ സൗന്ദര്യം. അതിനാല്‍ സ്‌കൂള്‍ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങള്‍ക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്. നിലവില്‍ യൂണിഫോമുകള്‍ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്.
ചുരിദാറേ ധരിക്കാന്‍ പാടൂ, ചുരിദാറിന് സ്ലിറ്റ് ഉണ്ടാവാന്‍ പാടില്ല, ഉണ്ടെങ്കില്‍ത്തന്നെ അതിന് നീളമുണ്ടാവാന്‍ പാടില്ല, ഷാള്‍ നെഞ്ചിലേക്ക് എത്രവരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബണ്‍ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പൊല്ലാപ്പുകള്‍ അധികമില്ല.
ഇതില്‍ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാര്‍ഹമാണ്. ആ നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങളും ചോയ്‌സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേല്‍പ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാല്‍ പോരാ, കാഴ്ചപ്പാടുകളും മാറണം.
ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കൂടുതല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്.