റിയാദ്- സൗദി പൗരന്മാരെ ജോലിക്ക് നിയമിക്കുന്നതിന് സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പം കണക്കാക്കാതെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതോടെ വിവിധ സ്ഥാപനങ്ങള്‍ നിതാഖാത്തിലെ ചുവപ്പ് വിഭാഗത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇഖാമ (താമസ രേഖ) പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പ്രൊഫഷന്‍ മാറ്റം തുടങ്ങിയ മിക്ക സേവനങ്ങളും തടസ്സപ്പെട്ടു. കൂടുതല്‍ സൗദി പൗരന്മാരെ നിയമിച്ച് പച്ച വിഭാഗത്തിലേക്ക് മാറിയാല്‍ മാത്രമേ ഇനി ഇത്തരം സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുകയുള്ളൂ.
ഡിസംബര്‍ ഒന്നു മുതലാണ് പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കിയതായി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് എല്ലാ സ്ഥാപനങ്ങള്‍ക്കും ആറുമാസം മുമ്പേ അറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ചുവപ്പ് വിഭാഗത്തില്‍ നിന്ന് കരകയറാന്‍ പേരിന് മാത്രം സൗദി പൗരന്മാരെ നിയമിച്ച് ഇളം പച്ചയിലോ ഇടത്തരം പച്ചയിലോ ആയിരുന്ന സ്ഥാപനങ്ങളാണ് ഇപ്പോള്‍ ചുവപ്പിലേക്ക് പെട്ടെന്ന് കൂപ്പുകുത്തിയത്. നേരത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദിവത്കരണത്തില്‍ ഇളവ് ലഭിച്ചിരുന്നുവെങ്കിലും പരിഷ്‌കാരത്തോടെ അത് നിര്‍ത്തലാക്കപ്പെട്ടതും തിരിച്ചടിയായി. ചെറുകിട, ഇടത്തരം, വന്‍കിടയെന്ന തരംതിരിക്കല്‍ പൂര്‍ണമായും ഇല്ലാതായത് വഴി എല്ലാ സ്ഥാപനങ്ങളും വിദേശികളുടെ എണ്ണത്തിനനുസരിച്ച് നിശ്ചിത തോത് സൗദികളെ നിയമിക്കേണ്ടിവരികയും ചെയ്തു.
സൗദി അറേബ്യയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സൗദി പൗരന്മാരെ ജോലിക്ക് നിയമിക്കല്‍ നിര്‍ബന്ധമാണ്. സൗദി, വിദേശി ജീവനക്കാരുടെ എണ്ണത്തിന്റെ തോതനുസരിച്ച് ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ സ്ഥാപനങ്ങളെ തരംതിരിക്കുന്ന പ്രക്രിയയാണ് നിതാഖാത്ത്. 2017 മുതലാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്.
അടുത്ത മൂന്നു വര്‍ഷത്തേക്കാണ് പരിഷ്‌കരിച്ച നിതാഖാത്ത് പ്രാബല്യത്തിലായതെന്ന് തൊഴില്‍ വകുപ്പ് പറയുന്നു. ഇനി മൂന്നു വര്‍ഷം വരെ നിശ്ചിത തോതില്‍ സ്വദേശിവത്കരണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കണം. അഥവാ അടുത്ത മൂന്നു വര്‍ഷവും ഡിസംബറില്‍ എല്ലാ സ്ഥാപനങ്ങളും സ്വദേശികളുടെ എണ്ണം വിദേശികളുടെ അനുപാതമനുസരിച്ച് വര്‍ധിപ്പിക്കേണ്ടിവരും. ഇല്ലെങ്കില്‍ നിതാഖാത്തില്‍ വ്യത്യാസം വരികയും സ്ഥാപനം ചുവപ്പിലേക്ക് വീണ് തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ നിരസിക്കപ്പെടുകയും ചെയ്യും. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്ന ഏറ്റവും താഴ്ന്ന വിഭാഗമാണ് ഇളം പച്ച. എല്ലാ സേവനങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ചുവപ്പ്.
റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍, വ്യവസായം, ആരോഗ്യം, കോണ്‍ട്രാക്ടിംഗ്, ബിസിനസ് സര്‍വീസ്, സ്‌കൂള്‍ തുടങ്ങി രാജ്യത്തെ മൊത്തം സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തന രീതി അനുസരിച്ച് 32 വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണിപ്പോള്‍. ഇതിനനുസരിച്ചാണിപ്പോള്‍ നിതാഖാത്ത് നടപ്പാക്കുന്നത്. ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍ മേഖല ഈ വര്‍ഷം ഇളം പച്ചയാവാന്‍ മൊത്തം ജീവനക്കാരുടെ 19.25 ശതമാനം സൗദികളായിരിക്കണം. അടുത്തവര്‍ഷം 26.25 ശതമാനവും മൂന്നാം വര്‍ഷം 33.25 ഉം ആയിരിക്കണം. സ്വര്‍ണം, ആഭരണങ്ങള്‍, വസ്ത്രം, ഭക്ഷ്യവസ്തുക്കള്‍, ഫര്‍ണീച്ചറുകള്‍, പച്ചക്കറികള്‍ എന്നിവ റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
റെസ്റ്റോറന്റ് മേഖലയില്‍ ഇളം പച്ചക്ക് ഈ വര്‍ഷം 11.07 ഉം അടുത്ത വര്‍ഷം 13.88 ഉം മൂന്നാം വര്‍ഷം 16.62 ഉം ശതമാനമാണ്. ലേഡീസ് ഡ്രസ് സെയില്‍സ്, മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്ക് ഇളം പച്ചയിലെത്താന്‍ മൂന്നു വര്‍ഷം വരെ 82 ശതമാനമാണ്. വിദേശ സ്‌കൂളുടെത് ഈ വര്‍ഷം 17.98 ഉം അടുത്ത വര്‍ഷം 20.98ഉം മൂന്നാം വര്‍ഷം 23.98 ഉം ആണ്.
ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ്, കണ്‍സെല്‍ട്ടന്‍സി, ജനറല്‍ സര്‍വീസ്, പ്രിന്റിംഗ്, തര്‍ജമ, ഭാഷാ പഠന കേന്ദ്രങ്ങള്‍ എന്നിവ ബിസിനസ് സര്‍വീസസില്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവ ഇളം പച്ചയിലെത്താന്‍ ഈ വര്‍ഷം 28.28 ശതമാനവും അടുത്ത വര്‍ഷം 33.28 ശതമാനവും മൂന്നാം വര്‍ഷം 38.28 ശതമാനവും സ്വദേശിവത്കരണം പൂര്‍ത്തിയാക്കേണ്ടിവരും. വര്‍ക്ക്‌ഷോപ്പുകളും റിപ്പയറിംഗ് കേന്ദ്രങ്ങളുമുള്‍പ്പെടുന്ന ഓപറേഷന്‍ ആന്റ് മെയിന്റനന്‍സ് മേഖലയില്‍ അടുത്ത മൂന്നു വര്‍ഷം ഇളം പച്ച കൈവരിക്കാന്‍ 16.12 - 23.12 - 28.12 എന്ന തോതിലാണ് സൗദിവത്കരണം നടത്തേണ്ടത്.
ലേഡീസ് ടൈലറിംഗ്, ബ്യൂട്ടി പാര്‍ലര്‍, ലോണ്‍ട്രി ഉള്‍പ്പെടെയുള്ള വ്യക്തിഗത സേവനമേഖലയില്‍ അടുത്ത മൂന്നു വര്‍ഷം യഥാക്രമം 10.57, 16.57, 22.57 എന്നീ തോതില്‍ സ്വദേശിവത്കരണം നടത്തിയാല്‍ മാത്രമേ ഇളം പച്ചയിലെത്താന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ സൗദി പൗരന്മാരെ നിയമിച്ച് നിതാഖാത്തിന്റെ കടും പച്ച, പ്ലാറ്റിനം എന്നീ ഉയര്‍ന്ന വിഭാഗത്തിലെത്തിയാല്‍ തൊഴില്‍ വിസയുള്‍പ്പെടെയുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും.
വിദേശ തൊഴിലാളികള്‍ക്ക് ആനുപാതികമായി പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കിയതോടെ ആയിരക്കണക്കിന് സൗദി പൗരന്മാര്‍ക്ക് ആദ്യവര്‍ഷം തന്നെ ജോലി ലഭിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് സൗദിപൗരന്മാര്‍ക്ക് സ്വകാര്യ തൊഴില്‍മേഖലയിലെത്തുമെന്ന് തൊഴില്‍ വകുപ്പ് പ്രതീക്ഷിക്കുന്നു.