Sorry, you need to enable JavaScript to visit this website.

പ്രിയപ്പെട്ട ചാൻസലർക്ക്  നിറഞ്ഞ സ്‌നേഹത്തോടെ 

ഒരു വി.സിയെ നിയമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സമ്മർദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടും. പൊതുസമൂഹം ആശങ്കയോടെ ചർച്ച ചെയ്യുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവർണർ ആദ്യ കത്തിലൂടെ സ്‌ഫോടനം സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നതെന്ന് പറഞ്ഞാൽ പെരളശ്ശേരിയിലെ സഖാക്കൾ പോലും വിശ്വസിച്ചെന്നു വരില്ല.


ഇത് കത്തെഴുത്തുകളുടെ കാലം. ആവശ്യത്തിനും അനാവശ്യത്തിനും നേതാക്കൾ കത്തെഴുതുന്നു. മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കരുതെന്നാവശ്യപ്പെട്ട് കേരളം തമിഴക മുഖ്യന് കത്തെഴുതിയതൊന്നും മൂപ്പർ ഗൗനിച്ചതേയില്ല. പാതിരായ്ക്ക് വെള്ളം തുറന്നു വിടുന്നത് അവർ ശീലമാക്കി. കേരള മുഖ്യമന്ത്രി കെ-റെയിലിന് വേണ്ടി പ്രധാനമന്ത്രിക്കും റെയിൽ മന്ത്രിക്കും എഴുതിയിട്ടും ഫലമുണ്ടായില്ല. എന്നുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വെറുതെ ഇരിക്കാനാവുമോ? പാർട്ടിക്ക് ഭരണം രണ്ടാമതും ലഭിച്ചതോടെ ഉത്തരവാദിത്തമേറി. കേരളത്തിലെ സർവകലാശാലകൾ പലതും ലീഗാരന്മാർ സ്ഥാപിച്ചതാണെങ്കിലും ഇനി ഇവയിലൂടെയെങ്ങാനുമാണ് വിപ്ലവം വരുന്നതെങ്കിലോ? എല്ലാറ്റിനെയും പാർട്ടിയുടെ നിയന്ത്രണത്തിലാക്കുക. വലിയ നേതാക്കളുടെ ഭാര്യമാരെ താക്കോൽ സ്ഥാനങ്ങളിലെത്തിക്കുക. സ്വന്തക്കാരെ മാത്രം ഉയർന്ന സ്ഥാനങ്ങളിലെത്തിക്കുക. അതിനിടയ്ക്ക് സർച്ച് കമ്മിറ്റിയെന്ന് പറഞ്ഞ് വരുന്ന വികസന വിരുദ്ധരെ അവഗണിക്കാം. 
കണ്ണൂർ വി.സി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി ഉൾപ്പെടുത്തേണ്ടയാളുടെ പേര് സർക്കാർ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞതായി ഗവർണർ വെളിപ്പെടുത്തിയിരുന്നു. 


ഇതിന് തെളിവായി കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ പുനർനിയമനത്തിന് ശുപാർശ ചെയ്ത് മന്ത്രി അയച്ച കത്ത് പുറത്തു വന്നു. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലറായ ഗവർണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി.സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തു. 
കണ്ണൂർ വി.സി പുനർനിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ്  കത്ത് പുറത്തായത്. വി.സിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.


വിരമിച്ച ദിവസം കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനു തന്നെ വീണ്ടും നിയമനം നൽകാൻ ആര് ഗവർണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വി.സി നിയമനത്തിന് കത്ത് നൽകി എന്ന ആക്ഷേപം തുടർച്ചയായി പ്രതിപക്ഷം ഉയർത്തുന്നു. വി.സിയുടെ വിവാദ പുനർനിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിർണായക ഇടപെടൽ ഗവർണർ വെളിപ്പെടുത്തി. ഒരു വി.സിയെ നിയമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സമ്മർദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടും. പൊതുസമൂഹം ആശങ്കയോടെ ചർച്ച ചെയ്യുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവർണർ ആദ്യ കത്തിലൂടെ സ്‌ഫോടനം സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നതെന്ന് പറഞ്ഞാൽ പെരളശ്ശേരിയിലെ സഖാക്കൾ പോലും വിശ്വസിച്ചെന്നു വരില്ല. സമ്മർദത്തിന് മുകളിൽ സർവകലാശാലാ ചാൻസലറായി പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഗവർണർ പറയുന്നത്.  


കേരള നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് താൻ ചെയ്യുന്നത്. എന്നാൽ ഈ ജോലി ചെയ്യാൻ പ്രയാസമുണ്ടാകുന്ന സാഹചര്യമാണ്. സമ്മർദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചാൻസലർ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാൻ പറഞ്ഞത്. അതിനു ശേഷം അവർക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു.
കത്തിലൂടെ തുടങ്ങിയ ഗവർണറുടെ പ്രതികരണം പരസ്യ പ്രതികരണത്തിലാണ് എത്തി നിൽക്കുന്നത്. മുൻകാലങ്ങളിൽ ഗവർണർമാർ സ്വീകരിക്കാത്ത മാതൃകയാണിത്. സർവകലാശാലാ ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷമാണെന്ന് തുറന്നടിച്ച ഗവർണർ ഉന്നത പദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നതായും ആരോപിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണെന്നും സർവകലാശാലകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനായി നിന്നു കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെയും കോൺഗ്രസിനെയും മാത്രമല്ല, മുസ്‌ലിം ലീഗിനെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന വാക്കുകളാണിത്. 


ബി.ജെ.പിയും കോൺഗ്രസും ലീഗുമെല്ലാം സർവകലാശാലാ ഭരണത്തിൽ ഇടപെടാറുണ്ട്. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല തന്നെ ഇതിനു പ്രധാന ഉദാഹരണം. 
യു.ഡി.എഫ് ഭരണ കാലത്ത് കണ്ണൂർ വി.സിയായി നിയമിച്ചിരുന്നത് കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഖാദർ മാങ്ങാടിനെയായിരുന്നു. സകല മാനദണ്ഡങ്ങളും മറികടന്നാണ് 2013 ൽ ഈ സജീവ രാഷ്ട്രീയക്കാരനായ കോൺഗ്രസ് നേതാവിനെ വൈസ് ചാൻസലറാക്കിയിരുന്നത്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറാക്കാൻ തീരുമാനിച്ചിരുന്നത് ലീഗ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഹമീദിനെ ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നേരിട്ടാണ് ഇതിനായി ഇടപെട്ടിരുന്നത്. പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപകനായ ഇദ്ദേഹത്തിന് വി.സിയാകാനുള്ള അക്കാദമിക് യോഗ്യത പോലും ഉണ്ടായിരുന്നില്ല. പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റും പി.എസ്.സി ബോർഡ് അംഗവുമായിരുന്നു എന്നതാണ് ഹമീദിൽ ലീഗ് കണ്ട യോഗ്യത. സർവകലാശാലാ സർച്ച് കമ്മിറ്റിയിൽ ഇടതുപക്ഷ അംഗങ്ങൾ ശക്തമായി എതിർത്തതോടെയാണ് ലീഗിന്റെ നീക്കം പൊളിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഡോ. കെ. മുഹമ്മദ് ബഷീറിനെ വി.സിയാക്കി നിയമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിനും മതിയായ യോഗ്യത ഉണ്ടായിരുന്നില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയർന്നിരുന്നു. ഡോ. എം. അബ്ദുൽ സലാം കാലിക്കറ്റ് സർവകലാശാലാ വി.സിയായതും ലീഗ് നോമിനിയായാണ്. 


ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് കേരള സർക്കാർ വ്യക്തമാക്കുമ്പോഴും ഗവർണർ ഉടക്ക് തുടർന്നാൽ ചാൻസലർ പദവി അദ്ദേഹത്തിൽ നിന്നും എടുത്തു മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യത്തിൽ നിർണായക തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭക്ക് മാത്രമാണ്. അങ്ങനെ സംഭവിച്ചാൽ ദേശീയ തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക്  കാരണമാകും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും കൂടുതൽ വഷളാകും. 
കേരളത്തിലെ സർവകലാശാലകളുടെ സമ്പൂർണ നിയന്ത്രണം പർട്ടിക്ക് ലഭിക്കുന്നതിന് വേറെയും ധാരാളം ഗുണങ്ങളുണ്ട്. സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റുകൾക്ക് കോളുകാരേറെയാണ്. വേദനിക്കുന്ന കോടീശ്വരന്മാർ അവ വാങ്ങിക്കൂട്ടാൻ ഓടിയെത്തും. അവർക്കാണെങ്കിൽ ശ്രീലങ്ക, ഖസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വരെ പോകേണ്ട കാര്യവുമില്ല. ഇതൊരു ബിഗ് ബിസിനസായി മാറിയാൽ കെ-റെയിൽ പോലുള്ള സമ്പൂർണ വേസ്റ്റ് പദ്ധതിക്ക് വിഭവ സമാഹരണവുമാവാം. 

Latest News