കല്‍പറ്റ-മാറിമാറി ഭരിച്ച ഇടതു, വലതു സര്‍ക്കാരുകളുടെ നിരന്തര അവഗണനയില്‍ വികസനം മുരടിച്ച വയനാടിനെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന ചില സംഘടനകളുടെ ആവശ്യത്തോടു ബി.ജെ.പി യോജിക്കുന്നതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റെ കെ.പി.മധു, ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ അവികസിതാവസ്ഥയ്ക്കു പരിഹാരം തേടി പാര്‍ട്ടി പ്രക്ഷോഭ പരമ്പര നടത്തുമെന്നും 16 മുതല്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ നടത്തുന്ന സായാഹ്ന ധര്‍ണയോടെ ഇതിനു തുടക്കമാകുമെന്നു അവര്‍ അറിയിച്ചു.
നാലു പതിറ്റാണ്ടു മുമ്പ് രൂപീകരിച്ച ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞില്ല. വികസനത്തിന്റെ പേരില്‍ ഭരണാധികാരികള്‍ വയനാട്ടുകാരെ പറ്റിക്കുകയാണ്. ഇതിന്റെ ഒടുവിലുത്തെ ഉദാഹരണമാണ് തലശേരി-മൈസൂരു റെയില്‍വേയുടെ പേരില്‍ നടന്ന ഹെലി ബോണ്‍ സര്‍വേ. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടം പിടിച്ച നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍ പദ്ധതി സര്‍വേയ്ക്ക് പണം അനുവദിക്കാതെ അട്ടിമറിച്ചവരാണ് ഹെലി ബോണ്‍ സര്‍വേ നടത്തി കോടികള്‍ തുലച്ചത്. മെഡിക്കല്‍ കോളേജ് വിഷയത്തിലും വയനാട്ടുകാര്‍ കബളിതരായി. കല്‍പറ്റയ്ക്കടുത്തു മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കറില്‍ മതിയായ കാരണങ്ങളില്ലാതെ മെഡിക്കല്‍ കോളേജ് നിര്‍മാണം വേണ്ടെന്നുവെച്ചു. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജിനായി നിര്‍മാണം നടത്തുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീങ്ങാത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാനം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കാണ്. രാത്രിയാത്ര വിലക്ക് തുടരട്ടെ, ബദല്‍പാത മതി എന്ന നിലപാടാണ് സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത ഉദ്യോഗസ്ഥര്‍ മുന്‍പ് കര്‍ണാടകയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്വീകരിച്ചത്.
പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ പാത നിര്‍മാണത്തിനു ആവശ്യമായ വനഭൂമി വിട്ടുകിടുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തില്‍ ഇതുവരെ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ വയനാട്ടില്‍ കേന്ദ്ര പദ്ധതികള്‍ വരുന്നതു സര്‍ക്കാര്‍ തടയുകയാണ്. പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതിനു കാര്യമായ ഒരു പദ്ധതിയും ജില്ലാ ഭരണകൂടം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ല. വന്യജീവി ശല്യം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, ആദിവാസികളുടെ ഭൂ-ഭവന രാഹിത്യം തുടങ്ങിയ വിഷയങ്ങളിലും വയനാട് അവഗണിക്കപ്പെടുകയാണ്.
വയനാട് എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമാണ്. ജില്ലയുടെ വികസനം മുന്‍നിര്‍ത്തി ഒരു പ്രവര്‍ത്തനവും നടത്താന്‍ എം.പിക്കു കഴിഞ്ഞില്ല. വയനാട്ടില്‍നിന്നു ബി.ജെ.പി പ്രതിനിധി ലോക്‌സഭയിലോ നിയമസഭയിലോ എത്തിയാല്‍ ജില്ലയുടെ വികസന ചിത്രം മാറുമെന്നും മധുവും മോഹന്‍ദാസും പറഞ്ഞു.