റിയാദ് - സൗദി അറേബ്യ ഇറാനുമായി സാധാരണ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇതിന് ഇറാന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ആവശ്യമാണെന്നും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
സമാധാനത്തിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആഹ്വാനത്തോട് ഇറാന്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ സമാധാനത്തിന്റെ കരങ്ങള്‍ ഇറാനും നീട്ടണം. സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധത്തിലേക്കും ഭാവിയിലേക്കും ഇറാന്‍ നോക്കണം. മേഖലയില്‍ അശാന്തിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഈ നിര്‍ദേശത്തോട് പുതിയ ഇറാന്‍ ഭരണകൂടം അനുകൂലമായി പ്രതികരിക്കണമെന്നാണ് പ്രത്യാശിക്കുന്നത്.
ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ചര്‍ച്ചകളില്‍ പങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളുമായി സൗദി അറേബ്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മേഖലയില്‍ സംഘര്‍ഷത്തിന്റെ കാര്‍ മേഘങ്ങള്‍ ഇല്ലാതാക്കാന്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളിലൂടെ സാധിക്കണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളുടെ ആദ്യ സൂചനകള്‍ പ്രതീക്ഷാനിര്‍ഭരമല്ല. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ ധാരണയിലെത്തിയ നിരവധി കാര്യങ്ങളില്‍ നിന്ന് ഇറാന്‍ പിന്നോക്കം പോയിട്ടുണ്ട്.
മേഖലയില്‍ പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കവാടം തുറക്കുന്ന, കൂടുതല്‍ കാലത്തേക്കുള്ള ശക്തമായ പുതിയ ആണവ കരാറില്‍ എത്തിച്ചേരാന്‍ ചര്‍ച്ചകളിലൂടെ സാധിക്കണമെന്നാണ് സൗദി അറേബ്യ പ്രത്യാശിക്കുന്നത്. റിയാദില്‍ ചേര്‍ന്ന 42-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും മേഖല നേരിടുന്ന പൊതുവെല്ലുവിളികളും വിശകലനം ചെയ്തിട്ടുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.
സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും അഴിമതി വിരുദ്ധ പോരാട്ടത്തിനും സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍ നിയന്ത്രണം സ്ഥാപിക്കാനും പര്യാപ്തമായ നടപടികള്‍ ലെബനോന്‍ സ്വീകരിക്കണമെന്ന് ഗള്‍ഫ് ഉച്ചകോടി ആവശ്യപ്പെട്ടതായി ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് വെളിപ്പെടുത്തി. ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഹിസ്ബുല്ലയെ തടയണം. മേഖലാ, ആഗോള അജണ്ടകള്‍ നടപ്പാക്കാനും അറബ് രാജ്യങ്ങളില്‍ അശാന്തിയുണ്ടാക്കാനും പ്രവര്‍ത്തിക്കുന്ന ഭീകര മിലീഷ്യകളെ പിന്തുണക്കുന്നതില്‍ നിന്നും ഹിസ്ബുല്ലയെ വിലക്കണം. ലെബനീസ് സൈന്യത്തെ ശക്തിപ്പെടുത്തുകയും ആയുധങ്ങള്‍ സര്‍ക്കാര്‍ സുരക്ഷാ, സൈനിക വകുപ്പുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും വേണം.
സൗദി അറേബ്യയിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ദുരുപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ ലെബനീസ് സുരക്ഷാ വകുപ്പുകള്‍ അതിര്‍ത്തികള്‍ ശക്തമായി നിരീക്ഷിക്കണം. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഗള്‍ഫ് ജനതകള്‍ക്കും അപകീര്‍ത്തിയുണ്ടാക്കുന്ന പ്രസ്താവനകളെയും ബഹ്‌റൈന് അപകീര്‍ത്തിയുണ്ടാക്കി ബെയ്‌റൂത്തില്‍ പത്രസമ്മേളനം സംഘടിപ്പിച്ചതിനെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി അപലപിച്ചിട്ടുണ്ടെന്നും ഡോ. നായിഫ് അല്‍ഹജ്‌റഫ് പറഞ്ഞു.