Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 16 തൊഴിലുകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി

റിയാദ് - അടുത്ത വര്‍ഷം 16 തൊഴിലുകളും പ്രവര്‍ത്തന മേഖലകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതിയുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഫ്രീലാന്‍സ്, വിദൂര തൊഴില്‍ പദ്ധതികളിലൂടെ അടുത്ത വര്‍ഷം ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 30,000 ആയും സൗദി തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന മുഴുവന്‍ പരിരക്ഷകളും ആനുകൂല്യങ്ങളും ലഭ്യമാക്കി വിദൂര തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 60,000 ആയും അടുത്ത വര്‍ഷം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഫഌക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് വഴക്കമാര്‍ന്ന തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ തൊഴില്‍ ശേഷിയുള്ളവരില്‍ പെട്ട 26 ശതമാനം പേരെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കി മാറ്റാനും സുസ്ഥിരതാ, ആരോഗ്യ തൊഴില്‍ മേഖലയില്‍ 3,000 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.
വികലാംഗര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സേവനങ്ങള്‍ സംയോജിത രീതിയില്‍ നല്‍കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഉന്നമിട്ട് വികലാംഗര്‍ക്ക് ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും. ഈ വര്‍ഷം ഏതാനും മേഖലകളില്‍ 20 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുകയും 3,78,000 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ പെട്ട, തൊഴില്‍ ശേഷിയുള്ള പതിനായിരത്തിലേറെ പേര്‍ക്കും ഈ വര്‍ഷം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കി.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകള്‍ കുറക്കാനും തൊഴില്‍ വിപണിയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അംഗീകരിച്ചു. നിയമനം മുതല്‍ റിട്ടയര്‍മെന്റ് വരെയുള്ള കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം കേന്ദ്രീകൃത തൊഴില്‍ വിവര സംവിധാനം ആരംഭിച്ചതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

 

Latest News