ഹലാല്‍ വിദ്വേഷ പ്രസംഗത്തിലൂടെ വര്‍ഗീയ  കലാപത്തിന് ആഹ്വാനം; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം- ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പരാതിയിലാണ് നടപടി.നവംബര്‍ 17ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാറാണ് പരാതി നല്‍കിയത്. പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് ആരോപണം.

അതേ സമയം, സുരേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനം എന്ന കുറ്റം ചെയ്തവർക്ക് ചുമത്തപ്പെടുന്ന വകുപ്പായ 153 എ ചേർത്തിട്ടില്ലെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നവർക്ക് എതിരെ ചുമത്തേണ്ട് 295എ യും ഇല്ല. പ്രഥമ നോട്ടത്തിൽ തന്നെ ഈ രണ്ട് വകുപ്പുകളും എന്തായാലും ചുമത്തപ്പെടേണ്ട കേസാണ് ഇതെന്ന് നിയമ ബാലപാഠം അറിയുന്ന ആർക്കും ബോധ്യമാകും. പകരം കലാപാഹ്വാനം നടത്തി എന്നതിന്റെ പേരിൽ ചുമത്തുന്ന 153 ആണ് ഉള്ളത്. ഇതാകട്ടെ ജാമ്യം കിട്ടുന്ന വകുപ്പുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. 

ഈ സര്‍ക്കാര്‍ കാലത്ത് കേരളാ പോലീസും സംഘപരിവാറും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് വെല്‍ഫയര്‍പാര്‍ട്ടി ആരോപിക്കുന്നു. പോലീസില്‍ നിന്ന് നീതിപൂര്‍വമായ നടപടികളല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
 

Latest News