റിയാദ് - ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സാമ്പത്തിക ഐക്യം പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എടുത്തുപറഞ്ഞു. റിയാദില്‍ ചേര്‍ന്ന നാല്‍പത്തിരണ്ടാമത് ഗള്‍ഫ് ഉച്ചകോടിയോടനുബന്ധിച്ച് നല്‍കിയ പ്രസ്താവനയിലാണ് ഗള്‍ഫ് സാമ്പത്തിക ഐക്യം പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കിരീടാവകാശി പരാമര്‍ശിച്ചത്. മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ ശ്രമം തുടരും.
സംഘര്‍ഷങ്ങള്‍ക്ക് സംവാദത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളും തുടരും. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അനിവാര്യമാണ്. സല്‍മാന്‍ രാജാവിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഗള്‍ഫ് ഐക്യം പൂര്‍ണമാകണം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇറാഖിന്റെ സ്ഥിരത പ്രധാനമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.