തിരുവനന്തപുരം- ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയും അഭിപ്രായപ്പെട്ടു. സാമ്പത്തിക അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളിലെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് ശുപാര്‍ശ. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബി.പി.എല്ലുകാര്‍ക്ക് സൗജന്യ യാത്രയും ശുപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ബസ് നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷനുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. കമ്മീഷന്‍ ശുപാര്‍ശപ്രകാരം വിദ്യാര്‍ഥികളുടെ നിരക്ക് നിലവിലെ ഒരു രൂപയില്‍നിന്ന് 5 രൂപയായി ഉയര്‍ത്തണമെന്നാണ്. ബസുടമകള്‍ ഇത് 6 ആക്കണമെന്ന് ആവശ്യപ്പെടുന്നു. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ കണ്‍സഷന്‍ നല്‍കുന്ന കാര്യമാണ് മന്ത്രി മുന്നോട്ടു വച്ചത്.
നിലവില്‍ മിനിമം ബസ് ചാര്‍ജ് 8 രൂപയാണ്. ഇത് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുപാര്‍ശകളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ച ശേഷമാകും അന്തിമ തീരുമാനം. രാത്രികാല യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. രാത്രികാല യാത്ര നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കും. രാത്രി യാത്രക്കാര്‍ കുറവായതിനാല്‍ പല കാരണങ്ങള്‍ പറഞ്ഞ് സര്‍വീസ് മുടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വര്‍ധനവ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ സാമ്പത്തിക അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. വിദ്യാര്‍ഥി കണ്‍സെഷന്‍ അവകാശമാണെന്നും അത് സാമ്പത്തിക അടിസ്ഥാനത്തില്‍ ആക്കാന്‍ അനുവദിക്കില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.