ആലപ്പുഴ- മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ മാസം പതിനൊന്നാം തിയതി രാത്രി 11:30 നാണ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വനിതാ ഡോക്ടര്‍ അക്രമിക്കപ്പെടുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സുരക്ഷാജീവനക്കാരനായ അനീഷ് എന്നയാളാണ് ആക്രമിച്ചതെന്നാണ് വനിതാ ഡോക്ടര്‍ പരാതിപ്പെട്ടിരിക്കുന്നത്.
രണ്ടു തവണ തള്ളിയിടുകയും കെട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തുകയും ചെയ്ത ശേഷം ഡോക്ടറെ തടഞ്ഞു വെക്കുകയും ഭീഷണിപെടുത്തുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
അന്ന് തന്നെ ആക്രമണത്തിന് ഇരയായ ഡോക്ടര്‍ പരാതി നല്‍കുകയും അടുത്ത ദിവസം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കോടതിയില്‍ നിന്നും പ്രതിക്ക് ജാമ്യം എടുക്കാനുള്ള സാവകാശം പോലീസ് ഒരുക്കികൊടുക്കുന്ന നാടകമാണ് നടക്കുന്നത്. നഗ്‌നമായ അധികാര ദുര്‍വിനിയോഗവും നീതിനിഷേധവും അംഗീകരിക്കാനാകില്ല .
പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ ആശുപതികളുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ ഹൗസ് സര്‍ജന്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അവരുടെ ആത്മവീര്യം കെടുത്തുന്ന തരത്തിലാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണം . മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനായ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.