കൊച്ചി- സംസ്ഥാനത്ത് ചുമട്ടുതൊഴില്‍ നിരോധിക്കണമെന്ന് ഹൈക്കോടതി. തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് നോക്കുകൂലിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ പറഞ്ഞു. കാലമിത്രയും പുരോഗമിച്ച് 21 ാം നൂറ്റാണ്ടിലും മനുഷ്യനേക്കൊണ്ട് ചുമടെടുപ്പിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. ലോകത്തെ വിദേശ രാജ്യങ്ങളില്‍ പലതും ചുമട്ടുജോലി ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു. സ്വന്തം പൗരന്‍മാരെ ഈ തൊഴിലിനായി ഉപയോഗി്ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ മാറി. ഈ തൊഴില്‍ തുടരുന്നത് രാജ്യത്തിന് നാണക്കേടാണെന്നും കോടതി പറഞ്ഞു.
യന്ത്രസംവിധാനങ്ങള്‍ എല്ലാ തൊഴില്‍ മേഖലകളിലും സഹായത്തിനെത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമട്ടുതൊഴില്‍ തുടരണമെന്നാണ് ആഗ്രഹം. രാഷ്ട്രീയ വിധേയത്വം വെച്ച് ആര്‍ക്കും ചുമട്ടുതൊഴിലാളിയാവാം. അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിലെന്ന് തൊഴിലാളികളും മനസിലാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
തലച്ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങള്‍ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികള്‍ അങ്ങനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസവും നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെ സമാനമായ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു.