റിയാദ്- വിദേശത്ത്‌നിന്ന് കോവാക്‌സിന്‍ ഡോസെടുത്തവര്‍ക്കും സൗദിയിലെത്തിയ സന്ദര്‍ശകവിസക്കാര്‍ക്കും വാക്‌സിനേഷന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ സര്‍വീസസില്‍ സൗകര്യമായി. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി തവക്കല്‍നാ അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ സൗദി അംഗീകരിച്ച വാക്‌സിനുകളുടെ എണ്ണം ഏഴായി. ഇതുവരെ ഫൈസര്‍, മോഡേണ, ആസ്ട്രസെനിക്ക, ജാണ്‍സണ്‍, സിനോഫാം, സിനോവാക് എന്നിവ മാത്രമായിരുന്നു മന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്നത്.
കോവാസ്‌കിന്‍ കൂടി രജിസ്‌ട്രേഷന്‍ സൈറ്റിലെത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകും. വിദേശത്ത് നിന്ന് കോവാക്‌സിനെടുത്തവര്‍ക്ക് ഉംറ വിസ ലഭിക്കുമെന്ന് കഴിഞ്ഞാഴ്ച ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
കോവിഡ് സമയത്ത് സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയ നിരവധി പേര്‍ കോവാക്‌സിനാണ് സ്വീകരിച്ചിരുന്നത്. സൗദിയിലേക്ക് തിരിച്ചെത്തിയാല്‍ വീണ്ടും വാക്‌സിന്‍ ഡോസുകള്‍ എടുക്കേണ്ടിവരുമോയെന്ന ആശങ്കയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കോവാക്‌സിന്‍ സൗദി അംഗീകരിക്കാത്തതിനാലും ആരോഗ്യമന്ത്രാലയത്തിന്റെ ഇ സര്‍വീസില്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്തതിനാലും എന്തു ചെയ്യണമെന്ന ചോദ്യമായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്.
എന്നാല്‍ ഇനി കോവിഷീല്‍ഡും കോവാക്‌സിനുമെടുത്തവര്‍ക്കെല്ലാം ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അതോടെ തവക്കല്‍നായില്‍ പച്ച തെളിയും. കോവാക്‌സിനെടുത്ത് ഇമ്യൂണ്‍ ആവാതെ സൗദിയിലെത്തിയവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. അതോടൊപ്പം കോവാക്‌സിനിന്റെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇനി ആരെയും തടയുകയുമില്ല.
സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് സൗദിയില്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും കൃത്യമായ രജിസ്‌ട്രേഷന്‍ ഇതുവരെയുണ്ടായിരുന്നില്ല. താമസ വിസയുള്ളവര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ ആയിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ എല്ലാ സന്ദര്‍ശകവിസക്കാര്‍ക്കും അവരുടെ ബോര്‍ഡര്‍, പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ വിവരങ്ങള്‍ ഉറപ്പുവരുത്തി മാത്രമേ ആരോഗ്യമന്ത്രാലയത്തിന്റെ ഇ സര്‍വീസസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശക വിസക്കാര്‍ക്ക് സാധിക്കുകയുള്ളൂ. രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഇക്കാര്യങ്ങളെല്ലാം പുര്‍ത്തിയാക്കാവുന്നതാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അടുത്തിടെ തവക്കല്‍നായില്‍ നടന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്.