പരിയാരം- പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം. സംഭവത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ തളിപ്പറമ്പ് കൂവോട് സ്വദേശി രതീശനെതിരെ (42) പരിയാരം എം.സി.പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവം.
ഇതിന് മുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ദിവസങ്ങളിലായി ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ചും ആശുപത്രിയില്‍ വെച്ചും വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായും പരാതിയുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഐ.പി.സി 354 ാം വകുപ്പ് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വിദ്യാര്‍ത്ഥിനി ഇതു സംബന്ധിച്ച് വകുപ്പ് തലവന്‍ ഡോ.ചാള്‍സിന് നല്‍കിയ പരാതി അദ്ദേഹം പ്രിന്‍സിപ്പലിനും പ്രിന്‍സിപ്പല്‍ പോലീസിനും കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിനിക്ക് നേരെ മറ്റൊരു ജീവനക്കാരന്റെ കയ്യേറ്റമുണ്ടായതായും പരാതി പുറത്തുവന്നിട്ടുണ്ട് . ഇക്കാര്യത്തില്‍ മലപ്പുറം സ്വദേശിയായ ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിക്കുകയും, മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.