റോട്ടർഡാം - പ്രായമേറിയ ലോക ഒന്നാം നമ്പർ ടെന്നിസ് താരമെന്ന പദവി സ്വന്തമാക്കിയ റോജർ ഫെദരർ കിരീട നേട്ടത്തിൽ സെഞ്ചുറിയോട് അടുക്കുന്നു. റോട്ടർഡാം ടെന്നിസ് ഫൈനലിൽ ഗ്രിഗർ ദിമിത്രോവിനെ ഫെദരർ 6-2, 6-2 ന് തകർത്തു. സെമിയിലെത്തി ഒന്നാം റാങ്ക് സ്വന്തമാക്കുകയാണ് ടൂർണമെന്റിന് വരുമ്പോൾ ലക്ഷ്യമെന്നും കിരീടം നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും മുപ്പത്താറുകാരൻ പറഞ്ഞു. അഞ്ചു വർഷം മുമ്പാണ് അവസാനമായി ഫെദരർ ലോക ഒന്നാം നമ്പറായത്. ആദ്യം ഒന്നാം റാങ്കിലെത്തിയത് 14 വർഷം മുമ്പും. 100 കിരീടങ്ങളാണ് അടുത്ത ലക്ഷ്യമെന്ന് ഫെദരർ പറഞ്ഞു.
ബേബി ഫെദരർ എന്നറിയപ്പെടുന്ന ദിമിത്രോവിന് ഫെദരറെ ഇതുവരെ തോൽപിക്കാനായിട്ടില്ല. ഏഴ് മത്സരങ്ങളിൽ ഏഴാം ജയമായിരുന്നു ഇത്. ഇത്തവണ ഫൈനലിന് മുമ്പ് അസുഖം ബാധിച്ചത് ദിമിത്രോവിനെ തളർത്തി.