Sorry, you need to enable JavaScript to visit this website.

ഒമ്പതാം ശ്രമത്തിൽ മെസ്സി ജയിക്കുമോ?

ലണ്ടനിൽ മെസ്സി പരിശീലനത്തിൽ

ലണ്ടൻ - അവിശ്വസനീയമായി തോന്നാം, ഗോളടിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ലിയണൽ മെസ്സി ചെൽസിക്കെതിരെ കന്നി ഗോളിനായി കാത്തിരിപ്പ് തുടരുകയാണ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ എട്ടു തവണ ചെൽസിയുമായി മുഖാമുഖം വന്നപ്പോഴും ബാഴ്‌സലോണയുടെ സൂപ്പർ താരത്തിന് ഗോളടിക്കാനായിട്ടില്ല. അഞ്ചു തവണ വേൾഡ് പ്ലയർ ഓഫ് ദ ഇയറായ മെസ്സിക്ക് ഇന്ന് ഒരവസരം കൂടി ലഭിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ ആദ്യ പാദത്തിൽ ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ. 
'ചരിത്രം ആവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ നാം സംസാരിക്കുന്നത് മികച്ചൊരു കളിക്കാരനെക്കുറിച്ചാണ്' -ചെൽസി കോച്ച് ആന്റോണിയൊ കോണ്ടെ പറഞ്ഞു. വർത്തമാനകാലമാണ് പ്രധാനം. എതിരാളികളോട് ബഹുമാനമുണ്ട്. അതേസമയം ഇതുപോലുള്ള വലിയ വെല്ലുവിളി ആവേശവും പകരേണ്ടതുണ്ട്. ഈ കളിക്കാരനെക്കുറിച്ച് ഞങ്ങൾക്കറിയാം, ലോകത്തിലെ മികച്ച താരങ്ങളിലൊരാളെക്കുറിച്ചാണ് നാം സംസാരിക്കുന്നത് -കോണ്ടെ കൂട്ടിച്ചേർത്തു. 
2012 ലെ സെമി ഫൈനലിലാണ് ചാമ്പ്യൻസ് ലീഗിൽ ഈ ടീമുകളും അവസാനം ഏറ്റുമുട്ടിയത്. കിരീടത്തിലേക്കുള്ള വഴിയിൽ അന്ന് ബാഴ്‌സലോണയെ ചെൽസി അട്ടിമറിച്ചു. നൗകാമ്പിലെ രണ്ടാം പാദത്തിൽ മെസ്സി പെനാൽട്ടി പാഴാക്കി. മറ്റൊരു ഷോട്ട് ക്രോസ്ബാറിനിടിച്ച് മടങ്ങി. അവിസ്മരണീയമായിരുന്നു ആ രണ്ടാം പാദം. 0-1 ന് ചെൽസി പിന്നിൽ നിൽക്കെയാണ് മുപ്പത്തേഴാം മിനിറ്റിൽ ക്യാപ്റ്റൻ ജോൺ ടെറി ചുവപ്പ് കാർഡ് കാണുന്നത്. വൈകാതെ ബാഴ്‌സലോണ ഒരു ഗോൾ കൂടി അടിച്ചു. പത്തു പേരുമായി ഒരു മണിക്കൂറോളം പൊരുതി ഇഞ്ചുറി ടൈമിൽ കളി 2-2 സമനിലയാക്കിയ ചെൽസി മൊത്തം 3-2 ജയത്തോടെ ഫൈനലിലെത്തി.
ബാഴ്‌സലോണയെ ചെൽസി തോൽപിക്കുന്നത് രണ്ടാഴ്ച മുമ്പ് സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു. പ്രീമിയർ ലീഗിൽ ദുർബലരായ രണ്ട് ടീമുകളോട് തോൽവി വാങ്ങിയതിന്റെ ഞെട്ടലിലായിരുന്നു ചെൽസി. ബോൺമൗത്തിനോട് 0-3 നും വാറ്റ്ഫഡിനോട് 1-4 നും അവർ തോറ്റു. ബാഴ്‌സലോണയാവട്ടെ തുടർച്ചയായ വിജയങ്ങളുടെ ജൈത്രയാത്രയിലായിരുന്നു. പിന്നീട് വെസ്റ്റ്‌ബ്രോംവിച് ആൽബിയോണിനെ 3-0 നും എഫ്.എ കപ്പിൽ ഹള്ളിനെ 4-0 നും തകർത്ത് ചെൽസി ഫോം വീണ്ടെടുത്തു. അതേസമയം സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടു കളികളിൽ ബാഴ്‌സലോണ സമനില വഴങ്ങി. അതുകൊണ്ട് തന്നെ ഇന്ന് ആര് ജയിക്കുമെന്ന് പ്രവചിക്കാനാവില്ല.
ഈ സീസണിന്റെ തുടക്കത്തിൽ റയൽ മഡ്രീഡിനോട് തോറ്റ ശേഷം 38 കളികളിൽ ബാഴ്‌സലോണ പരാജയമറിഞ്ഞിട്ടില്ല. സ്പാനിഷ് ലീഗിൽ ഏഴ് പോയന്റ് ലീഡുണ്ട്. കോപ ഡെൽറേയിൽ ഫൈനലിലെത്തിയിട്ടുണ്ട്. 27 ഗോളടിച്ച മെസ്സിയാണ് അവരുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത്. 
ഇന്നത്തെ രണ്ടാമത്തെ പ്രി ക്വാർട്ടർ ബയേൺ മ്യൂണിക്കും ബെഷിക്റ്റാസും തമ്മിലാണ്. ജൂപ് ഹെയ്ൻക്‌സ് കോച്ചായി തിരിച്ചെത്തിയ ശേഷം ബയേൺ 22 കളികളിൽ ഇരുപത്തൊന്നും ജയിച്ചിട്ടുണ്ട്. പോർടോയും മോണകോയും ലെയ്പ്‌സീഷും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് അപ്രതീക്ഷിതമായി മുന്നേറിയ ടീമാണ് ബെഷിക്റ്റാസ്. നാളെ മാഞ്ചസ്റ്റർ യുനൈറ്റഡ്-സെവിയ, ഷാഖ്തർ ഡോണറ്റ്‌സ്‌ക്-റോമ മത്സരങ്ങളുമുണ്ട്. 

 


 

Latest News