തിരുവനന്തപുരം- മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എം.ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടെന്ന ആരോപണവുമായി മുൻ രജിസ്ട്രാർ എം.ആർ ഉണ്ണി. ചട്ടവിരുദ്ധമായ മാർക്ക് ദാനം മാത്രമല്ല. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിലും മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ദൂതൻമാർ മുഖേനയാണ് ഇടപെടൽ നടത്തിയതെന്നും ഇതിനെ എതിർത്തതിനെ തുടർന്ന് മന്ത്രിക്ക് തന്നോട് വ്യക്തിവിരോധമായി എന്നും ഉണ്ണി ആരോപിച്ചു. ഈ വിരോധം 60 ലക്ഷം മുടക്കി ലഹരി ബോധവത്കരണത്തിനായി നിർമ്മിച്ച സർവകലാശാലയുടെ സിനിമയോട് തീർത്തുവെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പ് എന്നായിരുന്നു സിനിമയുടെ പേര്. ഉണ്ണിയാണ് ഇത് സംവിധാനം ചെയ്തത്.
മുൻ മന്ത്രി സി. രവീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരമാണ് ലഹരി ബോധവത്കരണത്തിനായി സിനിമ നിർമ്മിച്ചത്. ഈ സിനിമ റിലീസ് ചെയ്യപ്പെട്ടെങ്കിലും കെ.ടി ജലീൽ ഇടപെട്ട് തുടർ നടപടികൾ നിർത്തിവെയ്പ്പിക്കുകയായിരുന്നുവെന്നും ഉണ്ണി ആരോപിച്ചു.