തിരുവനന്തപുരം- കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച ആര്‍. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ വി.സി നിയമനം തന്റെ അവകാശമാണെന്നാണ് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനര്‍ നിയമനത്തിന് ചരടുവലി നടത്തിയത്.
സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുന്‍ വി.സിയുടെ പുനര്‍നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സര്‍വകലാശാലകളെ എ.കെ.ജി. സെന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കാന്‍ അനുവദിക്കില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.