Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാക്‌സിനേഷന്‍ കുറഞ്ഞ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജനിതക സീക്വന്‍സിംഗ് വര്‍ധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. വാക്സിനേഷന്‍ നിരക്ക്  കുറഞ്ഞ  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70  ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും  സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ്  നല്‍കാനുണ്ട്.  അത് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മൂന്ന് ലെയര്‍ മാസ്‌കോ എന്‍ 95  മാസ്‌കോ ധരിക്കാന്‍ ശ്രദ്ധിക്കണം.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കും. ഉത്സവങ്ങള്‍, രാഷ്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള  പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 300 പേരെയും മുറികള്‍, ഹാളുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ പരമാവധി 150 പേരെയും അനുവദിക്കും.
വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 200 ഉം അടഞ്ഞ ഇടങ്ങളില്‍ പരമാവധി 100 ഉം പേര്‍ എന്ന നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം.  
ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ല. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതു ധാരണ ഉണ്ടാക്കണം. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. കോവിഡ് ധനസഹായം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

Latest News