Sorry, you need to enable JavaScript to visit this website.

ജ്വല്ലറികളിൽ തൊഴിൽ പരിശോധന:  494  നിയമ ലംഘനങ്ങൾ കണ്ടെത്തി 

റിയാദ് - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രണ്ടര മാസത്തിനിടെ ജ്വല്ലറികളിൽ നടത്തിയ പരിശോധനകളിൽ 494 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. 11,971 ജ്വല്ലറികളിലാണ് ഇക്കാലയളവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പരിശോധകൾ നടത്തിയത്. ഇതിൽ 94.5 ശതമാനം സ്ഥാപനങ്ങളും സൗദിവൽക്കരണവും തൊഴിൽ നിയമങ്ങളും പാലിച്ചതായി കണ്ടെത്തി. വിവിധ പ്രവിശ്യകളിലെ ജ്വല്ലറികളിൽ ആകെ 494 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 76 ശതമാനവും സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 24 ശതമാനം മറ്റു തൊഴിൽ നിയമ ലംഘനങ്ങളുമാണ്. 
സൗദിവൽക്കരണം നടപ്പാക്കാത്ത ജ്വല്ലറികളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ പരാതികൾ നൽകണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു. ഡിസംബർ ആദ്യം മുതലാണ് ജ്വല്ലറികളിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയത്. ആഭ്യന്തര, മുനിസിപ്പൽ, വാണിജ്യ, തൊഴിൽ മന്ത്രാലയങ്ങളും പൊതുസുരക്ഷാ വകുപ്പും ജവാസാത്തും ഗവർണറേറ്റുകളും സഹകരിച്ചാണ് ജ്വല്ലറി സൗദിവൽക്കരണം നടപ്പാക്കുന്നത്. 
മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്ന ശേഷം ലേഡീസ് ഷോപ്പുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളിൽ 11,123 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഒക്‌ടോബർ 21 നാണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. 
ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, പാദരക്ഷകൾ, വാനിറ്റി ബാഗുകൾ, ലേഡീസ് സോക്‌സുകൾ, ലേഡീസ് തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നത്. ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളിലും ഈ ഘട്ടത്തിൽ വനിതാവൽക്കരണം നിർബന്ധമാക്കി. നിശാ വസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ, പർദകൾ, ലേഡീസ് ആക്‌സസറീസ്, മാക്‌സികൾ എന്നിവ വിൽക്കുന്ന, ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മൂന്നാം ഘട്ട വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ സൗദി വനിതകളല്ലാത്തവരെ ജോലിക്കു വെക്കുന്നതിന് വിലക്കുണ്ട്. നിർബന്ധിത വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്ന സ്ഥാപനങ്ങളിൽ വിദേശ വനിതകളെയും പുരുഷന്മാരെയും ജോലിക്കു വെക്കുന്നത് നിയമ ലംഘനമാണ്. 
നാലു മാസത്തിനിടെ ആകെ 75,328 ലേഡീസ് ഷോപ്പുകളിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പരിശോധന നടത്തിയത്. ഇതിൽ 81 ശതമാനം (61,113) സ്ഥാപനങ്ങൾ വനിതാവൽക്കരണവും മറ്റു തൊഴിൽ നിയമ ലംഘനങ്ങളും പാലിച്ചതായി വ്യക്തമായി. 19 ശതമാനം (14,193) സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണമായും പാലിച്ചില്ല. ലേഡീസ് സ്ഥാപനങ്ങളിൽ ആകെ 11,123 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 3138 നിയമ ലംഘനങ്ങൾ (28 ശതമാനം) സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 6451 നിയമ ലംഘനങ്ങൾ (58 ശതമാനം) വനിതാവൽക്കരണം പാലിക്കാത്തുമായി ബന്ധപ്പെട്ടവയും 1534 എണ്ണം (14 ശതമാനം) മറ്റു നിയമ ലംഘനങ്ങളുമാണ്. 


 

Latest News