റിയാദ് - പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അടുത്ത കൊല്ലം രാജ്യത്തിനകത്ത് 15,000 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഈ വര്‍ഷം 8,400 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തിനകത്ത് നടത്തി. 2016 ല്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തിനകത്ത് 11.2 ബില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. 2030 വരെയുള്ള കാലത്ത് സൗദിക്കകത്ത് ഫണ്ട് മൂന്നു ട്രില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തും.
കൊറോണ മഹാമാരിക്കു ശേഷമുള്ള ധന, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും, വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് തുടരാനും പുതിയ ബജറ്റ് പിന്തുണ നല്‍കും. സാമ്പത്തിക പരിവര്‍ത്തന പ്രയാണം സൗദി അറേബ്യ തുടരുകയാണ്. ഈ വര്‍ഷത്തെ ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.7 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 11.2 ശതമാനമായിരുന്നു. അടുത്ത വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ രണ്ടര ശതമാനത്തിലും കവിഞ്ഞ ബജറ്റ് മിച്ചം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബജറ്റ് മിച്ചം കൊറോണ മഹാമാരി ആവശ്യങ്ങള്‍ നേരിടാനും ആഗോള സാമ്പത്തിക ആഘാതങ്ങളും പ്രതിസന്ധികളും നേരിടാനുള്ള സര്‍ക്കാറിന്റെ ശേഷി ഉയര്‍ത്താനും വിനിയോഗിക്കുന്നതിനു വേണ്ടി സര്‍ക്കാറിന്റെ കരുതല്‍ ധനശേഖരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കും. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പെട്രോളിതര മേഖല 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു. സ്വകാര്യ മേഖലയില്‍ ഏഴു ശതമാനം വളര്‍ച്ചയുണ്ടായി. പല മേഖലകളും കൊറോണ മഹാമാരിക്കു മുമ്പുള്ള നിലയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം തൊഴിലില്ലായ്മ നിരക്കും കുറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. ഈ വര്‍ഷം മധ്യത്തോടെ ഇത് 11.3 ശതമാനമായി കുറഞ്ഞു.
വികസനത്തില്‍ സ്വകാര്യ മേഖല സര്‍ക്കാറിന്റെ അടിസ്ഥാന പങ്കാളിയാണ്. സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ഉതകുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കൊറോണ മഹാമാരി ചെറുക്കുന്നതിലും കൊറോണ വ്യാപനത്തിന്റെ ഫലമായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തുന്നതിലും സൗദി അറേബ്യ കൈവരിച്ച വിജയം അപ്രതീക്ഷിത വെല്ലുവിളികള്‍ നേരിടുന്നതില്‍ സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് സ്ഥിരീകരിക്കുന്നത്. പ്രതിസന്ധി നേരിടാന്‍ സൗഹൃദ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും സൗദി അറേബ്യ സഹായം നല്‍കുന്നുണ്ട്. ഊര്‍ജ വിപണി സ്ഥിരത നിലനിര്‍ത്തുന്നതില്‍ സൗദി അറേബ്യ മുന്‍നിര പങ്കു വഹിക്കുന്നു.
സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ്, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് പദ്ധതികളിലൂടെ ലോകത്ത് ഹരിത യുഗത്തിനും സൗദി അറേബ്യ നേതൃത്വം നല്‍കുന്നു. പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്രമെന്നോണം സൗദി സമ്പദ്‌വ്യവസ്ഥയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുമുള്ള ശ്രമങ്ങളും സൗദി അറേബ്യ തുടരുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.