Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാറ്റ് പുനഃപരിശോധിക്കാനായിട്ടില്ല- ധനമന്ത്രി

സൗദി ബജറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ സംസാരിക്കുന്നു.

റിയാദ് - സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ മൂല്യവര്‍ധിത നികുതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. പുതിയ ബജറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
മുന്‍ വര്‍ഷങ്ങളില്‍ നേരിട്ട കമ്മി നികത്താന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ബജറ്റിലെ മിച്ചം പര്യാപ്തമല്ല. 2030 വരെയുള്ള കാലത്ത് സൗദിയില്‍ ആകെ 27 ട്രില്യണ്‍ റിയാലോളം ചെലവഴിക്കും. ധനസുസ്ഥിരതക്കും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരാനും ഊന്നല്‍ നല്‍കുമെന്ന് ബജറ്റ് അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ മഹാമാരി നേരിടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച യാഥാര്‍ഥ്യബോധത്തോടെയും ഉത്തരവാദിത്തബോധത്തോടെയുമുള്ള നയങ്ങളും നടപടികളും മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തി. കൊറോണ മഹാമാരിക്കിടെ ആരോഗ്യ, സ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കി. ഇതോടൊപ്പം ധനസുസ്ഥിരത നിലനിര്‍ത്തുകയും ചെയ്തു. ഈ നയങ്ങള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പടിപടിയായുള്ള വീണ്ടെടുക്കലില്‍ അനുകൂലമായി പ്രതിഫലിച്ചു. നിരവധി മേഖലകള്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലും മിച്ചം നേടുന്നത് തുടരും. 2023 ല്‍ 941 ബില്യണ്‍ റിയാലും 2024 ല്‍ 951 ബില്യണ്‍ റിയാലുമായിരിക്കും ബജറ്റില്‍ കണക്കാക്കുന്ന പൊതുധനവിനിയോഗം. 2023 ല്‍ 27 ബില്യണ്‍ റിയാലും 2024 ല്‍ 42 ബില്യണ്‍ റിയാലും മിച്ചം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണയുല്‍പാദനത്തിലെ വളര്‍ച്ചയും പെട്രോളിതര മേഖലയിലെ വളര്‍ച്ചയും അടുത്ത കൊല്ലം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കും.
കൊറോണ വാക്‌സിനേഷന്‍ അനുപാതം ഉയര്‍ന്നതും ഒപെക് പ്ലസ് കരാര്‍ പാലിക്കുന്നതിന്റെ ഫലമായി എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതും മൊത്തം ആഭ്യന്തരോല്‍പാദനം ഉയരാന്‍ സഹായിച്ചു. ഈ വര്‍ഷം 2.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം പെട്രോളിതര മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള രണ്ടു കൊല്ലങ്ങളില്‍ പെട്രോളിതര മേഖല അഞ്ചു ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
കൊറോണ മഹാമാരി ചെറുക്കാന്‍ ആരോഗ്യ മേഖലക്ക് ആവശ്യമായ മുഴുവന്‍ തുകയും നീക്കിവെക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വെല്ലുവിളി നേരിടാന്‍ സൗദി ആരോഗ്യ മേഖല സജ്ജമാണ്. കൊറോണ വൈറസിന്റെ ഏതു വകഭേദവും നേരിടാന്‍ ആരോഗ്യ മേഖലക്ക് സാധിക്കുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

 

Latest News