Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗരപ്പാടത്ത് മികച്ച നേട്ടം; കൊച്ചി വിമാനത്താവള കമ്പനിയുടെ ജൈവകൃഷി 20 ഏക്കറിലേക്ക്

നെടുമ്പാശ്ശേരി- ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്.  ഭക്ഷ്യ സൗരോര്‍ജ ഉത്പാദന മാര്‍ഗങ്ങള്‍ സമന്വയിപ്പിക്കുന്ന  ' അഗ്രോവോള്‍ട്ടായ്ക് ' കൃഷി രീതിയിലൂടെ ജൈവകൃഷി 20 ഏക്കര്‍ വിസ്തൃതിയിലേയ്ക്ക് വ്യാപിച്ചു. ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ അഗ്രോവോള്‍ട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായി  സൗരപ്പാടം  മാറി.
വിമാനത്താവള പരിസരത്ത് എട്ട് സൗരോര്‍ജ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്. ഇവയില്‍ ഏറ്റവും വലിയ പ്ലാന്റ് കാര്‍ഗോ ടെര്‍മിനലിനടുത്താണ്. 45 ഏക്കറാണ് വിസ്തൃതി. ഇവിടെ സോളാര്‍ പി.വി.പാനലുകള്‍ക്കിടയില്‍ ജൈവകൃഷി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തുടങ്ങിയിരുന്നു. ഒരേസ്ഥലത്ത് നിന്ന് കൂടുതല്‍ വിളവും കാര്യക്ഷമതയുള്ള സൗരോര്‍ജ ഉല്‍പാദനവും സാധ്യമാക്കാനുള്ള അഗ്രോവോള്‍ട്ടായ്ക് കൃഷി രീതി വ്യാപിപ്പിക്കാനുള്ള ശ്രമം 2021 ജൂലായിലാണ് തുടങ്ങിയത്. മത്തന്‍, പാവയ്ക്ക ഉള്‍പ്പെടെയുള്ള വിളകളാണ് നേരത്തെ കൃഷി ചെയ്തിരുന്നത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി , മഞ്ഞള്‍, കാബേജ്, ക്വാളിഫഌര്‍, മുളക് തുടങ്ങിയവയാണ് നിലവില്‍ കൃഷി ചെയ്യുന്നത്. സൗരോര്‍ജ പാനലുകള്‍ക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവക്കാകും. ഇവക്കൊപ്പം അഗ്രോവോള്‍ട്ടായ്ക്ക് രീതി അനുശാസിക്കുന്ന ജലസേചനവും പരീക്ഷിച്ചു. 2021 ഡിസംബര്‍ ആദ്യവാരത്തോടെ അഗ്രോവോള്‍ട്ടായ്ക് രീതി 20 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കാനായി.  ഇതുവരെ 80 ടണ്‍ ഉല്‍പന്നങ്ങള്‍ ലഭിച്ചു.
സൗരോര്‍ജ പാനലുകള്‍ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കും. പെട്ടെന്ന് വളരുന്നതരം ചെടികളായതിനാല്‍ മണ്ണലൊപ്പു തടയാനുമായി. കളകള്‍ വ്യാപിക്കുന്നത് ചെറുക്കാനായതാണ് മറ്റൊരു നേട്ടം. അഗ്രികള്‍ച്ചറല്‍ ഫോട്ടോവോള്‍ട്ടെയ്ക്‌സ് അഥവാ അഗ്രിവോള്‍ട്ടായിക് രീതിയിലൂടെ  സൗരോര്‍ജോല്‍പ്പാദനകാര്‍ഷിക മേഖലയ്ക്ക് വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.   അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോര്‍ജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. പാനലുകള്‍ക്കടിയില്‍ ചെടിവളരുന്നത് താപനില കുറയ്ക്കാന്‍ സഹായിക്കും.ലഭ്യമായ ഭൂമി, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്റെ നയം. സുസ്ഥിരവികസനത്തിന്റെ ഘടകങ്ങളിലൊന്നാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവള പരിസരത്തിലുള്ള പ്ലാന്റുകളൂടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതിലൂടെ ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.3 ലക്ഷം യൂണിറ്റാണ്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ സൗരോര്‍ജ ഉല്‍പാദനം. പകലുണ്ടാകുന്ന അധിക വൈദ്യുതി ഗ്രിഡിലേയ്ക്ക് നല്‍കുകുയും രാത്രി ആവശ്യമുള്ളത്  ഗ്രിഡില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും.
ഊര്‍ജ ഉല്‍പാദന രംഗത്ത് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി വൈവിധ്യവത്ക്കരണം നടപ്പിലാക്കുന്നുണ്ട്. 2021 നവംബറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി നിര്‍മ്മിച്ച  ആദ്യത്തെ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാലര മെഗാവാട്ടാണ് ഇതിന്റെ സ്ഥാപിതശേഷി. ഇത്തരം കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് വിമാനതാവള കമ്പനി .

 

Latest News