കോട്ടയം - കാഞ്ഞിരപ്പളളിയില്‍ നവജാത ശിശുവിനെ കൊന്നത്് അമ്മയുടെ നിര്‍ദേശപ്രകാരം മൂത്തമകള്‍. പതിനഞ്ചുകാരിയായ മകളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ പോലീസ് ഹാജരാക്കി. മകള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അമ്മ പറഞ്ഞതനുസരിച്ച് കുട്ടിയെ വെള്ളത്തില്‍ കൊണ്ടിടുകയായിരുന്നെന്ന് മൂത്തമകള്‍ പോലീസിന് മൊഴി നല്‍കി.
അമ്മയുടെ മൊഴിപ്രകാരവും സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുമാണ് മകളെയും പ്രതി ചേര്‍ത്തതെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് മാറ്റി.കൊലപാതകക്കേസില്‍ അമ്മയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് നാലുദിവസംമാത്രം പ്രായമുള്ള കുട്ടിയെ വീട്ടിലെ ശുചിമുറിയിലെ കന്നാസിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ചയാണ് ആറാമത്തെ കുട്ടി ജനിച്ചത്. കുട്ടിയെ വളര്‍ത്താനുള്ള ബുദ്ധിമുട്ടും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി.