Sorry, you need to enable JavaScript to visit this website.

ഇല്ലാത്ത നിയമത്തിന്റെ പേരില്‍ സൗദി യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു

ബുറൈദ- സൗദി അധികൃതര്‍ നിര്‍ദേശിക്കാത്ത നിയമം ചൂണ്ടിക്കാട്ടി കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍  യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ സൗദിയിലെത്തിയാല്‍  സൗദി സര്‍ക്കാര്‍ അംഗീകാരിച്ച സ്ഥപനങ്ങളില്‍ ക്വറന്റൈന്‍ ചെയ്യണമെന്ന് മാത്രമാണ് നിര്‍ദേശമുള്ളത്. ലിസ്റ്റില്‍ ഉള്ള സ്ഥപനങ്ങളില്‍ നേരിട്ട് ബുക്ക് ചെയ്യാന്‍ പാടില്ലെന്നോ വിമാന കമ്പനികളുടെ കീഴില്‍ ബുക്ക് ചെയ്താല്‍ മാത്രെമേ സ്വീകരിക്കൂ എന്നോ ഇതുവരെ ഒരു അറിയിപ്പും സൗദി അധികൃതര്‍ നല്‍കിയിട്ടില്ല.  എന്നാല്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യണമെന്ന് പറഞ്ഞാണ് കേരളത്തില്‍ യാത്രക്കാരെ പ്രയാസപെടുത്തുന്നത്.

സൗദി ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ള ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞു ഏറെ പ്രയാസപ്പെടുത്തിയതായി  കോഴിക്കോട് സ്വദേശി മലയാളം ന്യൂസിനോട് പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവില്‍  ബുക്കിങ്ങുള്ള ഹോട്ടലിന്റെ പേര്  സൗദി ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ കാണിച്ചു കൊടുത്തതിനു ശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.  

ട്രാവല്‍ ഏജന്‍സികളും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരത്തിലുള്ള  ചൂഷണത്തിന് കാരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൂടുതലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര തെരഞ്ഞെടുക്കുന്നവരാണ് തട്ടിപ്പിനിരയാവുന്നത്. ക്വാറന്റൈന്‍ പാക്കേജില്‍ പെടുത്തി വലിയ തുകയാണ് ഇവരില്‍ നിന്ന് ഈടാക്കുന്നത്. ദുബായ് വഴിയോ മറ്റോ പതിനാല് ദിവസത്തെ പാക്കേജില്‍ വരികയാണെങ്കില്‍ പോലും  പതിനായിരം രൂപവരെ ലാഭിക്കാം. എന്നിട്ടും നേരിട്ട് എത്തമെന്ന ആനുകൂല്യം മാത്രം പരിഗണിച്ചാണ് പലരും ഇതില്‍ പെടുന്നത്.

ട്രവല്‍ ഏജന്‍സികളെ ഒഴിവാക്കി നേരിട്ട് ബുക്ക് ചെയ്യാന്‍ നോക്കിയാല്‍ പല വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിലും വ്യക്തമായ നിര്‍ദേശമില്ല. ഖത്തര്‍ എയര്‍വേസിന്റെ സൈറ്റില്‍ അവരുടെ സൈറ്റ് വഴി ഹോട്ടലുകള്‍ ബുക്ക് ചെയ്യനുള്ള സൗകര്യമുണ്ട്. എന്നാല്‍ അവര്‍ വഴി ബുക്ക് ചെയ്യുന്നത് മാത്രമേ സ്വീകാര്യമാകൂ എന്ന് എവിടെയും പറയുന്നില്ല.   ഏയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സൈറ്റില്‍, ഹോട്ടല്‍ ബുക്കിങ്ങിനായി  സൗദിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ലിങ്ക് ആണ് നല്‍കിയിട്ടുള്ളത്. അതിലാണെങ്കില്‍ സൗദി ടൂറിസം വകുപ്പ് അംഗീകരിച്ച മുഴുവന്‍ ഹോട്ടലുകളുടെയും പേരുകള്‍ ഇല്ല. അവരുമായി  പ്രത്യേക കരാറില്‍ ഏര്‍പ്പെട്ട ഹോട്ടലുകളുടെ പേരുകള്‍ മാത്രമാണ്  നല്‍കിയിട്ടുള്ളത്.
യാത്രക്കാരുടെ  റൂം ബുക്കിങ് ഉറപ്പുവരുത്താനുള്ള ഉത്തരവദിത്തം വിമാന കമ്പനികള്‍ക്കാണ് എന്നാണ് ഈ കൊള്ളയെ ന്യായീകരിക്കാന്‍ പറയുന്നത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലിസ്റ്റില്‍ നോക്കി അത് ഉറപ്പ് വരുത്തിയാല്‍ പോരെ എന്ന മറുചോദ്യത്തിന് മൗനമാണ് ഉത്തരം.
വിസിറ്റിങ് വിസയില്‍ വരുന്ന കുടുംബങ്ങള്‍ക്കും പുതുതായി വരുന്നവര്‍ക്കും ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. നേരിട്ട് ബുക്ക് ചെയ്യുകയാണെങ്കില്‍ പല ഹോട്ടലുകളിലും റൂം  വടകയില്‍ ചെറിയ ഇളവുകള്‍ അനുവദിക്കും.  ദീര്‍ഘകാല കരാറുകള്‍ ഉള്ള കമ്പനിയിലെ ജീവനക്കാര്‍ക്ക് ആ അനൂകൂല്യം കാരസ്ഥമാക്കാനും കഴിയുന്നില്ല. പാക്കേജ് സംവിധാനത്തിലൂടെയുള്ള സംവിധാനം നല്‍കുക വഴി കൂടിയ ലാഭം ലഭിക്കും എന്നതിനാല്‍ സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുത്ത് അവധിക്ക് പോയി തിരികെ വരുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ പല ഏജന്‍സികളും താല്‍പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ ബാധകമല്ലാത്തതിനാല്‍ ടിക്കറ്റ് നല്‍കുന്നത് ലാഭകരമായിരിക്കില്ല.

    

 

Latest News