Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്തും മുതലെടുപ്പും,   സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കണ്ണൂര്‍- സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുളള പൊതുചര്‍ച്ചയിലാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നത്. ജില്ലയില്‍ ഇത്തരം പല സംഘങ്ങളും വളര്‍ന്നത് ചില പാര്‍ട്ടി നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണന്നായിരുന്നു വിമര്‍ശനം.സോഷ്യല്‍ മീഡിയയില്‍ ചില നേതാക്കളുടെ സ്തുതി പാഠകരായി പ്രത്യക്ഷപ്പെട്ട ഇവര്‍ പിന്നീട് സ്വര്‍ണ കടത്തിലേക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുകയായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിയാനും അവരെ പരസ്യമായി തളളി പറയാനും നേതാക്കള്‍ക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. അത്തരം സംഭവങ്ങള്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഏതെങ്കിലും നേതാവിന്റെ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം. ക്വട്ടേഷന്‍ സ്വര്‍ണകടത്ത് സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഓരോന്നായി വിശദീകരിച്ചു. പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയൊന്‍പത് പേരാണ് രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.
 

Latest News