കല്‍പറ്റ- വയനാടിനെ അലട്ടുന്ന വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു പ്രയോഗിക്കുന്ന സമരമുറകള്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ശക്തമാക്കുന്നു.
കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നി, മാന്‍, മുള്ളന്‍പന്നി, കാട്ടുപോത്ത് തുടങ്ങി ഭക്ഷ്യയോഗ്യമായവയെ വളര്‍ത്തുജീവികളായി കണക്കാക്കി കൊന്നുതിന്നുമെന്നു ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സഖറിയാസ്, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, കണ്‍വീനര്‍ എന്‍.ജെ.ചാക്കോ, ട്രഷറര്‍ ടി.ഇബ്രായി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.ജെ.ജോര്‍ജ്, ജില്ലാ ചെയര്‍മാന്‍ പി.എം.ജോര്‍ജ്, സെക്രട്ടറി എ.സി.തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച പ്രഖ്യാപനം 21നു ഉച്ചകഴിഞ്ഞു പുല്‍പള്ളി എള്ളുങ്കല്‍ ബില്‍ഡിംഗില്‍ ചേരുന്ന ജില്ലാ കണ്‍വന്‍ഷനില്‍ നടത്തും. മാന്‍, പന്നി തുടങ്ങിയവയെ കൃഷിയിടങ്ങളില്‍ കൊല്ലുകയും തിന്നുകയും ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ നിയമനടപടികളെ ഫോറം നേരിടും. കര്‍ഷകര്‍ക്കു ആവശ്യമായ നിയമസഹായം ലഭ്യമാക്കും.
കര്‍ഷക കുടുംബങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ കഴിയുന്നില്ല. ചേമ്പ്, ചേന, കാച്ചില്‍, കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ ഇറക്കുന്നതിനു പിന്നാലെ പന്നി, മുള്ളന്‍പന്നി, കുരങ്ങ്, മാന്‍ തുടങ്ങിയ നശിപ്പിക്കുകയാണ്. ഇതിനു പുറമേയാണ് ആന, കടുവ, പുലി ശല്യം. ഇതിന്റെ രൂക്ഷതയും തിക്തഫലങ്ങളും അധികാരികള്‍ക്കു ബോധ്യപ്പെടുന്നില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങള്‍ കയ്യാലപ്പുറത്താണ്. വന്യജീവികളെ വനത്തില്‍ വളര്‍ത്തുകയെന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ വനംവന്യജീവി വകുപ്പിനാകുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനപാലകര്‍ക്കോ ഇതര വകുപ്പുദ്യോഗസ്ഥര്‍ക്കോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കൃഷിക്കാരുടെ നിലനില്‍പിനായി നിയമം കൈയിലെടുക്കാന്‍ ഫോറം തീരുമാനിച്ചത്. അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിനായി ജയിലില്‍ പോകാന്‍ കര്‍ഷകര്‍ മടിക്കില്ല.
വന്യജീവി സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ വഴിതടയാനും ഭയക്കില്ല.
ദുരിതപൂര്‍ണമാണ് കൃഷിക്കാരുടെ ജീവിതം. ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. കടം കുടിശികയായതിന്റെ പേര്‍ ഒരു കൃഷിക്കാരനെയും ജപ്തി ചെയ്യാന്‍ ഫോറം അനുവദിക്കില്ല. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനു പ്രക്ഷോഭം ശക്തമാക്കും. പുല്‍പള്ളി കണ്‍വന്‍ഷനില്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കും.