തൃശൂര്‍- ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു മണിക്കൂറോളം നീണ്ട പൊതുദര്‍ശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. ധീര ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് വളരെ പാടുപെടേണ്ടി വന്നു. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.
പ്രദീപിന്റെ ഭാര്യയും മക്കളും അമ്മയും അച്ഛനും സഹോദരനും മറ്റു ബന്ധുക്കളും വീട്ടിലുണ്ട്.
ദല്‍ഹിയില്‍നിന്ന് 11 മണിയോടെ സുലൂര്‍ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ നാല് മന്ത്രിമാര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
വഴിനീളെ നാട്ടുകാര്‍ പ്രദീപിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണന്‍, വി എം സുധീരന്‍, മന്ത്രി കെ രാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിവര്‍ പുത്തൂരിലെ സ്‌കൂളിലെത്തി പ്രദീപിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടര്‍ന്നിരുന്നു പ്രദീപ്. നാട്ടിലെ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.