തിരുവനന്തപുരം- വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ വിവാദങ്ങളുണ്ടാക്കി വേട്ടയാടാനാണ് ശ്രമമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉണ്ടായ പിഴവുകളുടെ പേരും പറഞ്ഞ് തനിക്കെതിരെ വ്യാജവാർത്തകളും കെട്ടി ചമയ്ക്കുകയാണെന്നും വനിതാ കമ്മീഷൻ അംഗമാകുന്നതിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലെന്നും ഷാഹിദ പറഞ്ഞു. ഇപ്പോഴും താൻ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഷാഹിദ കമാൽ കൂട്ടിച്ചേർത്തു.
മൂന്ന് മാസത്തിനിടയിൽ തനിക്കെതിരെ 36 വ്യാജ വാർത്തകളുണ്ടായി. പത്ത് വർഷം മുൻപ് നടന്ന കാര്യങ്ങളെയാണ് വിവാദമാക്കി മാറ്റിയത്. കേസ് കോടതിയുടെ പരിഗണനയിൽ ആയിരുന്നത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നാലിപ്പോൾ ഡോക്ടറേറ്റ് വിവാദവുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളെല്ലാം ലോകായുക്ത പരിശോധിച്ചു. പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് അവർക്ക് ബോധ്യമായെന്നും ഷാഹിദ പറഞ്ഞു. വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കില്ലെന്ന കാര്യം ലോകായുക്ത ഓപ്പൺ കോടതിയെ അറിയിച്ചു. ഇക്കാര്യം ഉടനെ തന്നെ ഉത്തരവായി പുറപ്പെടുവിക്കപ്പെടുമെന്നും ഷാഹിദയുടെ അഭിഭാഷകൻ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു.