മലപ്പുറം- വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിനിടെ ലീഗ് നേതാവ് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ചു ഖേദം പ്രകടിപ്പിച്ചു.
റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് സാദിഖലി തങ്ങള്‍ മന്ത്രി റിയാസിനെ വിളിച്ചത്.
യോഗം ഉദ്ഘാടനം ചെയ്തതു സാദിഖലി തങ്ങളാണ്. രാഷ്ട്രീയ വിമര്‍ശനമാകാമെന്നും അതു വ്യക്തിപരമാകുന്നത് അംഗീകരിക്കാനാവില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 'നിങ്ങള്‍ ആദ്യം നിങ്ങള്‍ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ മതസംഘടനയോ?' മുസ്ലിംകളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ല. മത സംഘടനാ നേതാക്കള്‍ക്ക് വിഷയം ബോധ്യപ്പെട്ടിട്ടും ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കാനാണെന്ന് എന്ന് പിണറായി ചോദിച്ചു.