Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോൺഗ്രസ് ഉണരുമ്പോൾ സി.പി.എം ഉലയുന്നു- കെ.സുധാകരൻ

തിരുവനന്തപുരം -കോൺഗ്രസ് കേരളത്തിൽ ഉണരുമ്പോൾ സി.പി.എം ഉലയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. 
പ്രതീക്ഷയറ്റ് നിശ്ചലാവസ്ഥയിൽ കിടക്കുന്ന സംഘടനക്ക് പുത്തനുണർവ്വ് നൽകുക, സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക. കാലോചിതമായി നവീകരിക്കുക, കോൺഗ്രസ്സിന്റെ പുതിയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന ശ്രമകരമായ ലക്ഷ്യം ഇവയായിരുന്നു. തുടർച്ചയായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം പുതിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുകയാണ്. പുനഃസംഘടനയോടെ നവീകരണത്തിന് തുടക്കം കുറിച്ചു. ബൂത്തുകൾക്കു താഴെ കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക, ഇതിനായി ബൃഹത്തായ പരിശീലന പദ്ധതിക്ക് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ തുടക്കമിട്ടു കഴിഞ്ഞു.


ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷന്മാരുടെ പുനഃസംഘടന പൂർത്തിയായി. കെ.പി.സി.സിയുടെ ജംബോ കമ്മിറ്റികൾ മാറി, കോൺഗ്രസ്സിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലകൾ നിർണ്ണയിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ്, ഡി.സി.സി. പുനഃസംഘടന എന്നിവ നടക്കാനിരിക്കുന്നു. സമയബന്ധിതമായി കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി നടക്കുന്നു. സംസ്ഥാന കോൺഗ്രസ്സ് പുനഃസംഘടനയിൽ കൊടുങ്കാറ്റും പൊട്ടിത്തെറിയും പ്രതീക്ഷിച്ച് രക്തഹാരവുമായി കാത്തു നിന്നവർക്ക് നിരാശ മാത്രമാണിന്ന് മിച്ചം. രാഷ്ട്രീയ കേരളം വിസ്മയത്തോടെയാണ് കോൺഗ്രസ്സിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ നോക്കിക്കാണുന്നത്. 


സമരോത്സുകമാകുന്ന കോൺഗ്രസ്സിന്റെ പുതിയ മുഖമാണിന്ന് കേരളം കാണുന്നത്. ഇടതുപക്ഷം ജനപക്ഷമല്ലെന്നും ജനവിരുദ്ധതയാണ് അവരുടെ മുഖമുദ്രയെന്നും കേരളം ഇതിനകം തിരിച്ചറിഞ്ഞു. 
സി.പി.എം നേതാക്കന്മാർ കൊലക്കേസ്സുകളിൽ ജയിലുകളിലേക്ക് യാത്രയാണ്. ചോരക്കൊതി മാറാത്തവർ ഇന്നും കഠാര മുനകളുമായി ഇരുളിൽ മറഞ്ഞിരിപ്പുണ്ട്. ഇരട്ടക്കൊലയും 51 വെട്ടും ശീലമാക്കിയവർ. അവർ പരസ്പരം കൊല്ലപ്പെട്ടവരുടെ കണക്ക് പറഞ്ഞ് വെല്ലുവിളി നടത്തുന്നു. കേരളം ഒരിക്കലും കഠാര രാഷ്ട്രീയം ആഗ്രഹിക്കുന്നില്ല. ചോരപുരണ്ട രാഷ്ട്രീയത്തോട് 'കടക്കു പുറത്ത്' എന്നു പറയാൻ ആർജ്ജവം കാണിക്കുന്ന ജനതയാണ് മലയാളക്കരയുടെ കരുത്ത്.


ഭരണത്തുടർച്ചക്കായ് വോട്ടു ചെയ്തവർ ഇന്ന് തീർത്തും നിരാശരാണ്. ജനദ്രോഹ ഭരണവുമായി യാതൊരു സന്ധിക്കും യു.ഡി.എഫ് ഇല്ല. കേരളത്തിന്റെ തെരുവുകൾ പ്രതിഷേധത്തിന്റെ കനലേറ്റ് ചുവക്കുകയാണ്. മോഫീനയുടെ ഘാതകരെ ജനം തെരുവിലിറങ്ങി വിചാരണ ചെയ്തപ്പോൾ, ഇതൊരു പ്രത്യേക പാർട്ടിയാണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടന്നവർക്ക് മുട്ടു മടക്കേണ്ടിവന്നിട്ടുണ്ട്. കോൺഗ്രസ്സ് ആലസ്യം വിട്ടുണരുന്നു. സമരസജജ്ജമാവുന്നു. നിങ്ങളിലൊളിഞ്ഞിരിക്കുന്ന കാപട്യം ഇനിയും ഒളിച്ചു വെക്കാനാവില്ല. ഇടതുപക്ഷത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയെറിയുന്ന പ്രോജ്വലമായ പോരാട്ടങ്ങൾക്ക് കേരളം കാതോർക്കുന്നുണ്ട്- സുധാകരൻ പറഞ്ഞു. ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ്സ് വരെ. കേഡർ പാർട്ടി എന്ന് അഹങ്കാരം കൊണ്ടിരുന്ന സി.പി.എമ്മിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങൾ ഗുരുതരമാണ്.


സംഘർഷം, ഇറങ്ങിപ്പോക്ക്, കൂട്ടയടി, സസ്‌പെൻഷൻ, പുറത്താക്കൽ, ബദൽ പാനലുകൾ തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമായിരിക്കുന്നു പുതിയ കാലത്തെ സമ്മേളനങ്ങൾ. പല സമ്മേളനങ്ങളും പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്നു. ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് തലസ്ഥാനം എന്നു വിളിക്കുന്ന കണ്ണൂരിൽ സിറ്റിയിലും തളിപ്പറമ്പിലും സഖാക്കൾ തന്നെ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി. പാർട്ടി ഓഫീസുകളിൽ കരിങ്കൊടി, പോസ്റ്റർ, പ്രതിഷേധ ബാനർ, പ്രതിഷേധ പ്രകടനം, കേഡർ പാർട്ടിയുടെ അടിവേരിളക്കുന്നു. കോൺഗ്രസ് നവീകരണത്തിലേക്ക് മുന്നേറുമ്പോൾ,
സി.പി.എം. കേഡർ സംവിധാനത്തിൽ നിന്നും ആഭ്യന്തര സംഘർഷങ്ങളിലേക്ക് പിന്നോട്ട് , പിന്നോട്ട് നടക്കുകയാണ്-സുധാകരൻ പ്രസിദ്ധീകരണത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു.
 

Latest News