Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാന്‍സലര്‍ പദവി ഒഴിഞ്ഞുതരാമെന്ന് ഗവര്‍ണര്‍, അമര്‍ഷത്തോടെ സര്‍ക്കാരിന് കത്ത്

തിരുവനന്തപുരം- സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനമടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍  ഇടപെടലില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ നിയമനക്കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലില്‍ അതൃപ്തനായാണ് ഗവര്‍ണറുടെ അസാധാരണ നടപടി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമറിയിച്ച് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കമുളള വിഷയങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് ഗവര്‍ണറുടെ നടപടി. സര്‍വകാലാശാലാ വിഷയങ്ങളില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് ഗവര്‍ണര്‍ ആദ്യം കത്ത് നല്‍കിയത് അഞ്ച് ദിവസം മുമ്പാണ്. ഗവര്‍ണറെ വിശ്വാസത്തിലെടുത്തുള്ള നടപടികള്‍ കൈക്കൊള്ളുമെന്നറിയിച്ച് സര്‍ക്കാര്‍ ഇതിന് കത്തിലൂടെതന്നെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ കത്തിനെ തള്ളി തന്റെ കടുത്ത എതിര്‍പ്പ് വ്യക്തമാക്കി രണ്ടാം കത്ത് ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കുകയായിരുന്നു.
കാലടി സംസ്‌കൃതസര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും ഗവര്‍ണറെ ചൊടിപ്പിച്ചിട്ടുണ്ട്. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. തുടര്‍ന്ന് സര്‍ക്കാര്‍ വി സി സ്ഥാനത്തേക്ക് ഒറ്റപ്പേരാണ് രാജ്ഭവന് നല്‍കിയത്. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും, പ്രോ വൈസ് ചാന്‍സലറും ഒരേസമയം വിരമിച്ച സാഹചര്യത്തില്‍ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധികചുമതല കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജിന് നല്‍കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കുകയായിരുന്നു.  കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പുനര്‍ നിയമനം അംഗീകരിച്ചത്.
ഇതേത്തുര്‍ന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു. എന്നാല്‍ അനുനയശ്രമത്തിന്  ഗവര്‍ണര്‍ വഴങ്ങിയില്ലെന്നാണ് ലഭിക്കുന്നവിവരം.  ഇതോടെ പൗരത്വ വിഷയത്തിന് ശേഷം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടയുന്നതിന്റെ ലക്ഷണമാണ് കാണുന്നത്.

 

 

Latest News