തൃശൂർ- 'അസഹിഷ്ണുതയെപ്പറ്റി പ്രസംഗിക്കാൻ എനിക്കറിയില്ല. കേരളത്തിൽ എല്ലാവരും എന്നെയും എന്റെ പാട്ടിനെയുമൊക്കെ ഇഷ്ടപ്പെട്ടിട്ടേയുള്ളൂ. വിവാദം വന്നപ്പോൾ കാർട്ടൂണിസ്റ്റുകളും ഒപ്പം ഉണ്ടെന്നുള്ളതിൽ എനിക്ക് വലിയ സന്തോഷമുണ്ട്...' പ്രിയ പ്രകാശ് വാര്യർ പറഞ്ഞു. കാർട്ടൂൺ കലയും കലാപവും എന്ന സംസ്ഥാന കാർട്ടൂൺ ക്യാമ്പിൽ അപ്രതീക്ഷിത ആസ്വാദകയായിരുന്നു 'ഒരു അഡാർ ലൗ' എന്ന സിനിമയിലെ നായികയായ പ്രിയ. 'വിവാദങ്ങൾ വരുന്നതുകൊണ്ട് ചിത്രത്തിൽനിന്ന് പിന്തിരിയില്ല. ഒരുപാട് പേരുടെ ഏറെ നാളത്തെ പരിശ്രമമാണ് ഒരു സിനിമ. കേസും എതിർപ്പുമൊക്കെ വന്നുവെന്നറിഞ്ഞു. പക്ഷേ നേരിട്ട് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല...' സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പ്രിയ പറഞ്ഞു.
'കണ്ണിറുക്കലിനെപ്പറ്റിയും വിവാദത്തെപ്പറ്റിയുമൊക്കെയുള്ള കാർട്ടൂണുകളും ട്രോളുകളുമൊക്കെ ആസ്വദിക്കാറുണ്ട്...' താരം പറഞ്ഞു നിർത്തിയപ്പോൾ സദസിനായി ഒരു കണ്ണിറുക്കലാകാമെന്ന് ഒരു ആവശ്യം കാണികളിൽ നിന്നുയർന്നു. പ്രിയ പുഞ്ചിരിയോടെ പുരികമുയർത്തി കണ്ണിറുക്കി. വിവാദത്തിൽ കലാകാരന്മാരുടെയെല്ലാം പിന്തുണ ഉണ്ടാവുമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ചടങ്ങിൽ പറഞ്ഞു. ക്യാമ്പ് ഡയറക്ടർ ബാലകൃഷ്ണൻ ആനാട്ട് സ്വാഗതം പറഞ്ഞു. സിനിമയുടെ തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശും ലിജോയും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, കാർട്ടൂണിസ്റ്റുകളായ എം.എസ്. മോഹനചന്ദ്രൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സംവിധായകൻ ഒമർ ലുലുവും കാർട്ടൂൺ ക്യാമ്പ് കാണാനെത്തി. അസഹിഷ്ണുതയുടെ വിവാദത്തിലെ താരത്തിന് ക്യാമ്പിൽ അവർ തന്നെ കഥാപാത്രമായ കാർട്ടൂൺ സമ്മാനമായി ലഭിച്ചു. കണ്ണിറുക്കുന്ന പെൺകുട്ടിയുടെ ഒരു ഭാഗത്ത് പുരികം ചുളിക്കുന്ന ചില മുഖങ്ങളും മറുഭാഗത്ത് പുഞ്ചിരിക്കുന്ന ഒട്ടേറെ മുഖങ്ങളുമായിരുന്നു കാർട്ടൂണിൽ. കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണനാണ് താൻ വരച്ച കാർട്ടൂൺ സമ്മാനിച്ചത്. കേരള ലളിതകലാ അക്കാദമി ഒരുക്കിയ ക്യാമ്പിൽ കലാകാരന്മാർ വരച്ച കാർട്ടൂണുകളുടെ വിഷയവും അസഹിഷ്ണുതയായിരുന്നു.