Sorry, you need to enable JavaScript to visit this website.

ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തതല്ലെന്ന് ജോജു; ഇലക് ഷനാണെന്ന് പോലും അറിഞ്ഞില്ല

കൊച്ചി- എറണാകുളത്ത് ഇടതു മുന്നണിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. അടുത്ത സുഹൃത്ത് വിനായകനെ കണ്ടപ്പോള്‍ സിനിമാ സെറ്റില്‍നിന്ന് സന്തോഷം കൊണ്ട് ഓടിച്ചെന്ന വീഡിയോ ആണ് താന്‍ എല്‍ഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ജോജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചരണങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും ജോജു പറഞ്ഞു.
ലാല്‍ജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയാണ് ഇത് സംഭവിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ ഞാന്‍ അവിടെ ഷൂട്ടിലുണ്ട്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ ആകസ്മികമായി കണ്ടു. ഉറ്റചങ്ങാതിയെ പെട്ടെന്നു കണ്ടതിന്റെ സന്തോഷത്തില്‍ ഓടിവന്നതാണ്. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരു മിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു.  വിനായകന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മില്‍ കാണുമ്പോള്‍ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാള്‍ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്. ആ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തതല്ല. അവിടെ അങ്ങനെയൊരു തിരഞ്ഞെടുപ്പു നടന്ന കാര്യം പോലും തനിക്കറിയില്ലായിരുന്നു. - ജോജു പറഞ്ഞു.
ഗാന്ധി നഗറില്‍ ഇടതു സ്ഥാനാര്‍ഥി നേടിയ വന്‍വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ ജാഥയില്‍ ഉടനീളം പ്രദേശ വാസിയായ വിനായകന്‍ പങ്കെടുത്തിരുന്നു. ആഹ്ലാദ പ്രകടനം കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്തുള്ള പാലത്തിലെത്തിയപ്പോഴാണ് സിനിമാ സെറ്റില്‍ നിന്നും ജോജു ഓടിവന്ന് വിനായകനോടൊപ്പം ആഹ്ലാദത്തില്‍ പങ്കെടുത്തത്. ജോജു ധരിച്ചിരുന്ന ഷര്‍ട്ടിന്റെ നിറം ചുവപ്പായതും വീഡിയോ പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാല്‍ താന്‍ സിനിമയില്‍ ഒരു പോലീസുകാരന്റെ വേഷത്തിലാണെന്നും, ആ ഗെറ്റപ്പിലാണ് വിനായകന്റെ അടുത്തേക്ക് ഓടിച്ചെന്നതെന്നും ജോജു പറഞ്ഞു.
കൊച്ചിയില്‍ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തെരുവില്‍ പെട്രോള്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം നടത്തിയതിനെതിരെ ജോജു ജോര്‍ജ് പ്രതികരിക്കുകയും ജോജുവിന്റെ പുത്തന്‍ കാര്‍ സമരക്കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത ആ സംഭവം മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ജോജുവിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള്ള സമരങ്ങള്‍ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നു.

 

Latest News