കോഴിക്കോട്- വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍മാറുമെന്ന് സൂചന. വഖഫ് വകുപ്പിന് കീഴില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കുകയും മത്സര പരീക്ഷയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു.
വഖഫ് കാര്യത്തില്‍ കെ.ടി.ജലീലിന്റെ അമിത ഇടപെടല്‍ ദോഷം ചെയ്തതായി സി.പി.എം നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കണ്ട ഇ.കെ.വിഭാഗം സമസ്തയുടെ നേതാക്കളോട് മുഖ്യമന്ത്രി ഇതു സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടണമെന്നതില്‍ സര്‍ക്കാറിന് നിര്‍ബന്ധമില്ലെന്നും ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്തു മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത് പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കാമെന്ന ധാരണയിലാണ്.
വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതിനെ നേരത്തെ അനുകൂലിച്ച കാന്തപുരം സുന്നി വിഭാഗം നേതാവ് എ.പി.അബ്ദുല്‍ ഹക്കീമും സുതാര്യമായ പുതിയ റിക്രൂട്ട്‌മെന്റ് സംവിധാനത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പൊതുവായി അപേക്ഷ ക്ഷണിച്ചുകൊണ്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന രീതി കേന്ദ്രത്തിലും മറ്റും ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
വഖഫ് ബോര്‍ഡില്‍ ഇപ്പോള്‍ ചെയര്‍മാന്‍ ടി.കെ.ഹംസ അടക്കം ആറു പേര്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ചവരാണ്. എങ്കിലും വഖഫ് ബോര്‍ഡിന് കീഴിലായിരിക്കില്ല പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. പകരം വഖഫ് വകുപ്പിന് കീഴിലാവും. റിക്രൂട്ട്‌മെന്റ് ബോര്‍ഡിലേക്ക് അംഗങ്ങളെ നിശ്ചയിക്കുക സര്‍ക്കാറായിരിക്കും. അഥവാ ഇടതുപക്ഷത്തിന് താല്‍പര്യമുള്ളവരെ മാത്രമേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ എടുക്കൂ.
കെ.ടി.ജലീലിന്റെ അമിത താല്‍പര്യമാണ് വഖഫ് വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതെന്ന് സി.പി.എം. നേതൃത്വത്തിന് അഭിപ്രായമുണ്ട്. മുസ്‌ലിംലീഗിനും നേതാക്കള്‍ക്കുമെതിരായി വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ജലീലിനെ വേങ്ങര ബേങ്കുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് താക്കീത് ചെയ്യേണ്ടിവന്നു. പുരോഗമന സ്വഭാവമുള്ള മുസ്‌ലിം സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതിയാണ് കെ.ടി.ജലീല്‍ സ്വീകരിക്കുന്നതെന്നതും വിമര്‍ശനത്തിനിരയായിട്ടുണ്ട്.
പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന ഇ.കെ.വിഭാഗം സമസ്തയെ പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞത് സി.പി.എമ്മിന് നേട്ടമാണെങ്കിലും സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയ ഒരു കാര്യത്തില്‍ പിന്തിരിയുന്നതിന് ന്യായം കണ്ടെത്തേണ്ടിവരും. ആദ്യം ഓര്‍ഡിനന്‍സ്, തുടര്‍ന്ന് ബില്‍ എന്നിവക്ക് ശേഷം ഗവര്‍ണറുടെ ഒപ്പ് കൂടി വാങ്ങിയ ശേഷം സര്‍ക്കാറിന് നിര്‍ബന്ധമില്ലെന്ന് പറയേണ്ടിവരുന്നത് നാണക്കേടാണെന്ന് കൂടി വിലയിരുത്തുന്നു. വെറും 120 ഗുമസ്ത തസ്തിക മാത്രമുള്ള വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുകയും കോളജ് അധ്യാപകരും ഡോക്ടര്‍മാരും അടക്കം ആയിരത്തിലേറെ തസ്തികകളുള്ള ദേവസ്വം നിയമനം പി.എസ്.സി.ക്ക് വിടാതിരിക്കുകയും ചെയ്യുന്നതിലെ വിവേചനം മുസ്‌ലിം സമുദായത്തിനിടയില്‍ ചര്‍ച്ചാവിഷയമാണ്.