മനാമ- നോര്‍ത്ത് അറേബ്യന്‍ അപ്പസ്‌തോലിക് വികാരിയത്തിന്റെ കേന്ദ്രദേവാലയമായ ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ നാളെ രാവിലെ 9ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്യും. ദേവാലയത്തിന്റെ കൂദാശ വെള്ളിയാഴ്ച രാവിലെ 10ന് മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലെ നിര്‍വഹിക്കും. മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അവാലി മുനിസിപ്പാലിറ്റിയില്‍ ബഹ്‌റൈന്‍ രാജാവ് സമ്മാനിച്ച 9000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഏകദേശം 95000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദേവാലയ സമുച്ചയം. 2300 പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയും. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമാണിത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 80,000 കത്തോലിക്കാ വിശ്വാസികള്‍ ബഹ്‌റൈനിലുണ്ട്.