തിരുവനന്തപുരം- സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെളളിയാഴ്ചയാണ് യോഗം വിളിച്ച് ചേര്‍ക്കാനിരിക്കുന്നത്. പോലീസിനെതിരെ തുടര്‍ച്ചയായി കോടതി വിമര്‍ശനങ്ങളുണ്ടാകുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ക്രൂരതകളുടെ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നു. സര്‍വീസിന് തന്നെ മാനക്കേടാകുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി അനില്‍ കാന്ത് യോഗം വിളിച്ചിരിക്കുന്നത്. എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷ, പോക്‌സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ട് കീഴിലുള്ള വകുപ്പാണ് ആഭ്യന്തരവകുപ്പ്. പോലീസിന്റെ പല പ്രവൃത്തികളും സര്‍ക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ഡിജിപി പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നത്.