Sorry, you need to enable JavaScript to visit this website.

PHOTOS: കാഴ്ചയുടെ ഉത്സവമായി റെഡ് സീ ഫിലിം ഫെസ്റ്റിവൽ

ജിദ്ദ - അഭ്രപാളികളിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേക്ഷക മനസ്സുകൾ കീഴടക്കിയ ലോകപ്രശസ്ത സിനിമാ താരങ്ങളുടെ സാന്നിധ്യത്തിൽ പ്രഥമ റെഡ്‌സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തിരശ്ശീല ഉയർന്നു. സ്‌പോൺസർമാരായ എം.ബി.സി ഗ്രൂപ്പ്, സൗദി അറേബ്യൻ എയർലൈൻസ്, വോക്‌സ് സിനിമ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ഈ മാസം 15 വരെ തുടരും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിരയുടെ സാന്നിധ്യം ജിദ്ദ ഓൾഡ് സിറ്റിയായ ബലദിൽ റെഡ് കാർപറ്റ് സമ്പന്നമാക്കി. 


അറബ് താരങ്ങളും സംവിധായകരുമായ ഹാനി അബൂഅസ്അദ്, അമീറ ദിയാബ്, മുഹമ്മദ് ഹുനൈദി, ഈനാസ് അൽദഗൈദി, സ്വബാ മുബാറക്, നെല്ലി കരീം, ഇമാദ് മർസൂഖ്, ലബ്‌ലബ, ഹാല സിദ്ഖി, നജീബ് ബൽഖാദി, ഇൽഹാം ശാഹീൻ എന്നിവരും അമേരിക്കൻ നടൻ ആന്റണി മാക്കി, ഫ്രഞ്ച് നടി കാദറീൻ ഡെനോവ്, ഫ്രഞ്ച് നടൻ വിൻസെന്റ് കാസിൽ, ഇംഗ്ലീഷ് നടൻ ക്ലൈവ് ഓവൻ, ഫ്രഞ്ച് സംവിധായകൻ ടെറി ഫ്രെമൊ, അമേരിക്കൻ നടി ഹിലാരി സ്വാൻക്, ഇറ്റാലിയൻ നടൻ മിഷേൽ മൊറോൻ, അമേരിക്കൻ നടൻ സ്റ്റീഫൻ ഡോർഫ്, സ്പാനിഷ് മോഡലും നടനുമായ ജോൺ കൊർതാജറീന, സ്പാനിഷ് നടി അലജാൻഡ്ര ഒനീവ, ഫ്രഞ്ച് മോഡലും നടിയുമായ ടിന കുനാകി, ബ്രസീലിയൻ-അമേരിക്കൻ മോഡലും നടിയുമായ അലസാൻഡ്ര അംബ്രോസിയൊ, ദക്ഷിണാഫ്രിക്കൻ നടിയും മോഡലുമായ കാൻഡീസ് സ്വാനപോയൽ, പോർച്ചുഗീസ് നടിയും മോഡലുമായ സാറ സംപായൊ, റഷ്യൻ മോഡലും നടിയുമായ ഇരിന ഷായ്ക്, റഷ്യൻ നടിയും മോഡലുമായ സാഷ ലുസ്, അമേരിക്കൻ മോഡലും നടനുമായ അൾട്ടൻ മാസൻ, അമേരിക്കൻ നടൻ റിക്ക് യൂൻ, ഫ്രഞ്ച് മോഡലും ഗായികയും നടിയുമായ സോണിയ ബിൻ അമ്മാർ, ഓസ്‌ട്രേലിയൻ നടിയും മോഡലുമായ ഷനീന ഷായ്ക്, റഷ്യൻ മോഡലും നടിയുമായ എലിനാ പെർമിനോവ അടക്കം നിരവധി പേർ പങ്കെടുത്തു. 


സൗദി താരങ്ങളും പ്രതിഭകളുമായ യഅ്ഖൂബ് അൽഫർഹാൻ, ഫാത്തിമ അൽബനവി, വഹീദ് ജംജൂം, ഹസൻ അസീരി, യൂസുഫ് അൽജറാഹ്, ഖാലിദ് അൽഫറാജ്, യാസിർ അൽസഖാഫ്, അലി അൽകുൽഥുമി, മുഹമ്മദ് അബൂഹംദാൻ, ഫൈസൽ അൽദോഖി, മുഹമ്മദ് അൽദോഖി, ഇബ്രാഹിം അൽഖൈറല്ല, അലാ ഫാദിൻ, സുഹൈബ് ഖുദുസ്, ഫാരിസ് ഖുദുസ്, മില അൽസഹ്‌റാനി, ഇൽഹാം അലി, ഖാലിദ് സ്വഖർ, മിശ്അൽ അൽജാസിർ, ബറാ ആലം, ഖാലിദ് അൽഹർബി, അൽഅനൂദ് സൗദ്, സഅദ് അബ്ദുൽഅസീസ്, അബ്ദുല്ല ദഹ്‌റാൻ എന്നിവരും ഫെസ്റ്റിവൽ ജൂറികളും റെഡ് കാർപറ്റിൽ അണിനിരന്നു.  സൗദി സംവിധായക ഹൈഫാ അൽമൻസൂർ, ഈജിപ്ഷ്യൻ, അറബ് ഐക്കൺ ലൈല അലവി, ഫ്രഞ്ച് നടി കാദറീൻ ഡെനോവ് എന്നിവരെ ആദരിച്ചാണ് ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. അവാർഡ് ജേതാവായ ബ്രിട്ടീഷ് സംവിധായകൻ ജോ റൈറ്റ് സംവിധാനം ചെയ്ത സിരാനോ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു. 


സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സാംസ്‌കാരിക, കലാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും അറബ് ലോകത്തിനും ഫ്രാൻസിനുമിടയിൽ സാംസ്‌കാരിക പാലം പണിയുന്നതിലും വഹിച്ച പങ്ക് മാനിച്ച് ഫ്രാൻസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റിയൂട്ട് പ്രസിഡന്റും മുൻ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രിയുമായ ജാക് ലംഗിന് പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ 67 രാജ്യങ്ങളിൽ നിന്നുള്ള, 34 ഭാഷകളിലുള്ള 138 സിനിമകൾ പ്രദർശിപ്പിക്കും. സൗദിയിൽ നിന്നുള്ള 27 പുതിയ സിനിമകളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഇന്റർനെറ്റിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. 

 

 

 

 

Latest News