കൊച്ചി- സംസ്ഥാന സർക്കാർ വർഷം തോറും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയുടെയും സാഹിത്യോത്സവത്തിന്റെയും സ്ഥിരം വേദി കൊച്ചിയിലാക്കുന്നത് പരിഗണിക്കുമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ വകുപ്പിന്റെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ മാർച്ച് ഒന്നു മുതൽ 11 വരെ മറൈൻ ഡ്രൈവിലും ബോൾഗാട്ടിയിലുമായി നടക്കുന്ന മേളയുടെ വിജയം കണക്കിലെടുത്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.പുസ്തക മേളക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജയ്പൂർ, കൊൽക്കത്ത സാഹിത്യോത്സവങ്ങളുടെ തുടർച്ചയായി വരുംവർഷങ്ങളിൽ ജനുവരിയിലോ ഫെബ്രുവരിയിലോ കേരളത്തിന്റെ അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രസാധക രംഗത്തെ പ്രമുഖരെയും പ്രശസ്തരായ എഴുത്തുകാരെയും മേളയിൽ പങ്കെടുപ്പിക്കുന്നതിന് അത് സഹായകമാകും. ലോകപ്രശസ്തി നേടിയ മലയാള സാഹിത്യകാരൻമാരുടെ ജന്മനാടുകളിലേക്കും പ്രവർത്തന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളും സാഹിത്യോത്സവത്തിന്റെ ഭാഗമാക്കും.
സ്വതന്ത്രമായ ചിന്തക്കും ആവിഷ്‌കാരത്തിനും ഇടമുള്ള നാടാണ് കേരളമെന്ന ഖ്യാതി സാഹിത്യോത്സവം പ്രഖ്യാപിക്കും. സാഹിത്യം, സംസ്‌കാരം, ചരിത്രം, സാങ്കേതികത, വിദ്യാഭ്യാസം, ചലച്ചിത്രം എന്നിവക്കൊപ്പം പാർശ്വവൽകൃത സമൂഹങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കും സാഹിത്യോത്സവം വേദിയാകും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സാഹിത്യ തീർഥാടനത്തിനാണ് മാർച്ച് ആദ്യവാരം കൊച്ചി സാക്ഷ്യം വഹിക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രസാധകർ അണിനിരക്കുന്ന പുസ്തകോത്സവം മാർച്ച് ഒന്നിന് മറൈൻ െ്രെഡവിലെ വിശാലമായ പന്തലിൽ നടക്കും.
രാജ്യാന്തര നിലവാരത്തിൽ ലൈബ്രറികൾക്ക് സമാനമായാണ് ഇവിടെ പുസ്തകങ്ങൾ ക്രമീകരിക്കുക. ആറു മുതൽ പത്തു വരെ ബോൾഗാട്ടി പാലസ് വളപ്പിൽ സാഹിത്യോത്സവം നടക്കും. വിവിധ വേദികളിലായി ഒരേസമയം പരിപാടികൾ സംഘടിപ്പിക്കും. ഇവയുടെ നേരിട്ടുള്ള സംപ്രേഷണവുമുണ്ടാകും. പുസ്തക മേളയുടെയും സാഹിത്യോത്സവത്തിന്റെയും വിശദമായ ഷെഡ്യൂൾ ഫെബ്രുവരി 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ സംഘാടക സമിതി ചെയർമാൻ. സഹകരണ മന്ത്രി വർക്കിംഗ് ചെയർമാൻ. എം.ടി വാസുദേവൻ നായരാണ് മേളയുടെ മുഖ്യരക്ഷാധികാരി. ക്രിയേറ്റീവ് കൺസൾട്ടന്റായി ഷാജി എൻ. കരുണും ഫെസ്റ്റിവൽ ഡയറക്ടറായി വൈശാഖനും കൺവീനറായി എസ്. രമേശനും പ്രവർത്തിക്കുന്നു. ജില്ലയിൽനിന്നുള്ള എം.എൽ.എമാർ ചെയർമാൻമാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എഡിറ്റർമാരുമൊത്തുള്ള മന്ത്രിയുടെ കൂടിക്കാഴ്ചയിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഡോ. സെബാസ്റ്റ്യൻ പോൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ രാജലക്ഷ്മി, കോഡിനേറ്റർ ജോബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.