കണ്ണൂർ- സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ശുഹൈബ് വധക്കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കും ജില്ലാ സെക്രട്ടറി പി. ജയരാജന്റെയും കൂടെ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
പോലീസിൽ കീഴടങ്ങിയ ആകാശും വിജിൻരാജും സി.പി.എം നേതാവ് പി.ജയരാജന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കൂടെ നിൽക്കുന്ന ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർ സി.പി.എമ്മിന്റെ സൈബർ പോരാളികളാണെന്ന് പോലീസ് പറഞ്ഞു.
കീഴടങ്ങിയവർ യഥാർഥ പ്രതികളല്ലെന്ന സംശയമുണ്ടെന്നും സംഭവത്തിന് പിന്നിൽ സി.പി.എം അല്ലെന്ന പി. ജയരാജന്റെ പ്രസ്താവന, പ്രതികളുടെ കീഴടങ്ങലോടെ തെറ്റാണെന്ന് വ്യക്തമായതായും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ പി. ജയരാജൻ മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കേസിലെ യഥാർഥ പ്രതികളല്ല കസ്റ്റഡിയിലുള്ളതെന്ന് കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവും ആരോപിച്ചു.