മസ്കത്ത്- സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഒമാനിലെ പരമോന്നത സിവിലിയന്‍ മെഡല്‍.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ആണ് കിരീടാവകാശിക്ക് മെഡല്‍ സമ്മാനിച്ചത്. ഒമാനുമായി വിശിഷ്ട ബന്ധം പുലര്‍ത്തുന്ന രാജാക്കന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും കിരീടാവകാശികള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും സമ്മാനിക്കുന്ന ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡലാണ് സൗദി കിരീടാവകാശിക്ക് ഒമാന്‍ സുല്‍ത്താന്‍ കൈമാറിയത്.
സൗദി അറേബ്യയും ഒമാനും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും മികച്ച ബന്ധങ്ങളും സൃഷ്ടിപരമായ സഹകരണവും കണക്കിലെടുത്താണ് സൗദി കിരീടാവകാശിക്ക് ഒമാന്‍ സുല്‍ത്താന്‍ പരമോന്നത സിവിലിയന്‍ മെഡല്‍ സമ്മാനിച്ചത്.
സൗദി കിരീടാവകാശിയും ഒമാന്‍ സുല്‍ത്താനും തമ്മില്‍ നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പരമോന്നത ബഹുമതി നല്‍കി സുല്‍ത്താന്‍ ഹൈഥം ആദരിച്ചത്. മസ്‌കത്തിലെ അല്‍അലം കൊട്ടാരത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഔദ്യോഗിക സ്വീകരണം നല്‍കി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത സ്വീകരണ ചടങ്ങില്‍ സൗദി കിരീടാവകാശിക്ക് സ്വാഗതമോതി 21 പീരങ്കി വെടികള്‍ മുഴങ്ങി. തുടര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ഒമാനും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.