Sorry, you need to enable JavaScript to visit this website.

ഇടതു സര്‍ക്കാര്‍ മുസ്ലിംകളോട് നടത്തിയത് യുദ്ധ പ്രഖ്യാപനം- എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ

കൊച്ചി- വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 18 മുസ്‌ലിം സംഘടനകള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.  രാവിലെ പത്തരയോടെ കലൂര്‍ സ്‌റ്റേഡിയം റോഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. മാര്‍ച്ച് വഖഫ് ബോര്‍ഡ് ഓഫിസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ ധര്‍ണ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിംകളോട് ഇടതുസര്‍ക്കാര്‍ നടത്തിയ യുദ്ധപ്രഖ്യാപനമാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ ആസ്ഥാന ഓഫിസിലും അഞ്ച് മേഖല ഓഫിസിലും സബ് ഓഫിസുകളിലുമായി ആകെ 130 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കുന്നത്. അതിലാണ് സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നത്. ഇതരമതസ്ഥര്‍ വരുമെന്നതിലുപരി ദൈവവിശ്വാസം ഇല്ലാത്തയാള്‍ക്കുപോലും വഖഫ് ബോര്‍ഡില്‍ നിയമനം ലഭിക്കുന്ന അവസ്ഥ വരും. കോടികളുടെ സ്വത്ത് വിശ്വാസികള്‍ മതപ്രവര്‍ത്തനത്തിന് വഖഫ് ബോര്‍ഡിനെ വിശ്വസിച്ച് ഏല്‍പിക്കുന്നത് ദൈവവിശ്വാസമില്ലാത്തയാള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

മുസ്‌ലിം നേതൃസമിതി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഹംസ പാറക്കാട്ട്, എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, ടി.എ. അഹമ്മദ് കബീര്‍, ഡോ. ബഷീര്‍ ഫൈസി ദേശമംഗലം, ഇ.എസ്. ഹസന്‍ ഫൈസി (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), എം. സലാഹുദ്ദീന്‍ മദനി (കെ.എന്‍.എം), കെ.കെ. സലീം (ജമാഅത്തെ ഇസ്‌ലാമി), എന്‍.കെ. അലി (മെക്ക), ഓണമ്പിള്ളി അബ്ദുല്‍ സത്താര്‍ ബാഖവി (ജംഇയ്യതുല്‍ ഉലമ ഹിന്ദ്), ടി.എം. സക്കീര്‍ ഹുസൈന്‍, കെ.എം. കുഞ്ഞുമോന്‍ (ജില്ല മഹല്ല് ഏകോപന സമിതി), എം.എം. ബഷീര്‍ മദനി (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ) യൂസുഫ് അലി സ്വലാഹി (വിസ്ഡം), ഹൈദ്രോസ് കാരോത്തുകുഴി (കേരള ജമാഅത്ത് കൗണ്‍സില്‍), അഡ്വ. പി.കെ. അബൂബക്കര്‍ (എം.എസ്.എസ്), എം.എം. അഷ്‌റഫ് (എം.ഇ.എസ്), അഡ്വ. മജീദ് പറക്കാടന്‍ (കെ.എം.ഇ.എ) എന്നിവര്‍ പങ്കെടുത്തു.

 

Latest News